സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ആവേശോജ്വല തുടക്കം-നാളെ (തിങ്കള്‍)സമാപിക്കും.

തളിപ്പറമ്പ്: സി.പി.ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ഉജ്വല തുടക്കം.

ചിറവക്കില്‍ പ്രത്യേകം സജമാക്കിയ എ.ആര്‍.സി.മാസ്റ്റര്‍ നഗറില്‍ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു പതാക ഉയര്‍ത്തിയതോടെയാണ് ദ്വിദിന സമ്മേളനത്തിന് ആരംഭം കുറിച്ചത്.

സി.ലക്ഷ്മണന്‍, പി.വി.ബാബു, പി.എ.ഇസ്മയില്‍, ടി.ഒ.സരിത, എം.വിജേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

സംസ്ഥാന കൗണ്‍സിലംഗം സി.എന്‍.ചന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉല്‍ഘാടനം ചെയ്തു.

എ.കെ.ശോഭന രക്തസാക്ഷി പ്രമേയവും പി.ഗംഗാധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മണ്ഡലം സിക്രട്ടറി പി.കെ.മുജീബ് റഹ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അസി.സിക്രട്ടറി ടി.വി.നാരായണന്‍ ഭാവി കടമകളും അവതരിപ്പിച്ചു.

സംസ്ഥാന കൗണ്‍സിലംഗം സി.പി.ഷൈജന്‍, ജില്ലാ എക്‌സി.അംഗങ്ങളായ വേലിക്കാത്ത് രാഘവന്‍, അഡ്വ.പി.അജയകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കോമത്ത് മുരളീധരന്‍, വി.വി.കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ എം.രഘുനാഥ് സ്വാഗതം പറഞ്ഞു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി സൂര്യസോമന്‍ (പ്രമേയം), എം.പി.വി.രശ്മി (മിനുട്‌സ്), എ.വി.രതീഷ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

നാളെ (തിങ്കള്‍)വൈകുന്നേരം പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് ചിറവക്കില്‍ നിന്നും നൂറാംവാര്‍ഷിക വിളംബര ജാഥ ആരംഭിക്കും.

4.30 ന് തളിപ്പറമ്പ ടൗണ്‍ സ്‌ക്വയറില്‍ ചേരുന്ന പൊതുസമ്മേളനം സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യുതോമസ് ഉദ്ഘാടനം ചെയ്യും.