പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.എം.തളിപ്പറമ്പ് ഏരിയാ കമ്മറ്റി.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തെക്കുറിച്ച് തെറ്റിദ്ധാരണജനകവും, പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതുമായ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.ഐ(എം) തളിപ്പറമ്പ് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ആഗോളവല്‍ക്കരണഉദാരവല്‍ക്കരണജനവിരുദ്ധ നയങ്ങള്‍ക്കും, വര്‍ഗ്ഗീയതയ്ക്കുമെതിരെ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ(എം). ജനപക്ഷവികസനക്ഷേമപദ്ധതികള്‍ നടപ്പിലാക്കി 5 വര്‍ഷം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ചാണ് സംരക്ഷിച്ചത്.

ആഗോളപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 മത് ആയപ്പോള്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ കേരളം രാജ്യത്തിന് തന്നെ അഭിമാനമാണ്.

വികസനസൂചികയില്‍ കേരളം മുന്‍പും ഒന്നാമതായെത്തിയത് ശ്രദ്ധേയമാണ്. മറ്റും പാര്‍ട്ടികളില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് സമീപകാലത്തായി നിരവധി പേര്‍ കടന്നുവന്നത് സി.പി.ഐ(എം)ന്റെ പരിപാടിയുടെയും പ്രവര്‍ത്തനങ്ങളുടെയും ശരിമകൊണ്ടാണ്.

തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനത്തില്‍ പുതിയ ലോക്കല്‍ കമ്മിറ്റിയേയും ഏരിയാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയാണ്. കെ മുരളീധരന്‍ അടക്കമുള്ള 15 അംഗ ലോക്കല്‍കമ്മിറ്റിയേയും, സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെയും തിരഞ്ഞെടുത്തത് പാര്‍ട്ടി മാനദണ്ഡപ്രകാരമാണ്. ബ്രാഞ്ച് ഉള്‍പ്പെടെയുള്ള എല്ലാ സമ്മേളനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് നടത്തിയത്.

അതുകൊണ്ട് തന്നെ റാലികള്‍ നടത്തി ബഹുജനങ്ങളെ അണിനിരത്താന്‍ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ സംഘടന ഉള്ളടക്കം കൊണ്ട് സമ്മേളനങ്ങള്‍ വന്‍ വിജയമായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ 165 ബ്രാഞ്ച് സെക്രട്ടമാരും, 2 ലോക്കല്‍സെക്രട്ടറിമാരും വനിതകളാണെന്നത് സ്ത്രീമുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ്. ഇത്തരത്തില്‍ സി.പി.ഐ(എം)മുന്നേറുമ്പോള്‍ അസൂയ പൂണ്ട രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും പാര്‍ട്ടിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.

വസ്തുതകള്‍ തിരിച്ചറിയാതെ തെറ്റിദ്ധാരണമൂലമാണ് ചിലര്‍ പ്രകടനത്തില്‍ പങ്കെടുത്തതും പോസ്റ്റര്‍ പതിച്ചതും.

ഇത്തരം ചെയ്തികള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളു.

ജീവനെക്കാള്‍ വലുതായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നിരവധി പേരുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് സി.പി.ഐ.(എം)ന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണം. ചൂഷണരഹിത സാമൂഹ്യവ്യവസ്ഥയ്ക്ക് വേണ്ടി പൊരുതുന്ന സി.പി.ഐ.(എം) ഐക്യത്തോടെ മുന്നേറുക തന്നെ ചെയ്യും.

മാര്‍ക്‌സിസമാണ് നമ്മുടെ വഴികാട്ടി. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും പാര്‍ട്ടിയെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സി.പി.ഐ.(എം)തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു.