പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നു

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത് കൂടുതല്‍ രൂക്ഷമാക്കുന്നു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനെതിരെ  സി.പി.എം രംഗത്തുവന്നു. സി.പി.എം ഏരിയാ കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവന ചുവടെ

മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്റെ പേരില്‍ അതിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന ഒരു വ്യക്തിയും സി.പി.ഐക്കാരനുമായ ആള്‍ കഴിഞ്ഞ് കുറെ ദിവസങ്ങളായി സി.പി.ഐ(എം)നും അതിന്റെ നേത്യത്വത്തിനുമെതിരായി നിരന്തരം നെറികെട്ട പ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തികൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങള്‍ മുഖേനെയും ദുഷ്പ്രചരങ്ങള്‍ അഴിച്ചുവിടുന്നുണ്ട്.
പോലീസിന്റെ നടപടിയെ ന്യായീകരിക്കാനോ തള്ളിക്കളയാനോ ഉള്ള ഉത്തരവാദിത്വം സി.പി.ഐ.എമ്മിനില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഇടപെടില്ല എന്ന രാഷ്ട്രീയ മര്യാദയുടെ ഭാഗമാണിത്.

എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാറിലെ ഒരു ഘടകകക്ഷി എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐയുടെ തളിപ്പറമ്പ് നേതൃത്വത്തിലെ ഒരു വിഭാഗം ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ വിരുദ്ധന്‍മാരെയാകെ ബി.ജെ.പി, ലീഗ്, കോണ്‍ഗ്രസ് തുടങ്ങി മുഴുവന്‍ വലതുപക്ഷക്കാരെയും ചേര്‍ത്തുപിടിച്ച് ഗവണ്‍മെന്റിന്റെ മുഖത്ത് ചെളിവാരിയെറിയുകയാണ് തിങ്കളാഴ്ച്ച നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉണ്ടായത്.

ആദരണീയനായ മുഖ്യമന്ത്രിയേയും ഗവണ്‍മെന്റിനേയും ചീത്തവിളിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണ്. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായാണ് ഇവിടെ സി.പി.ഐയുടെ പേരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പില്‍ കേരളത്തിലാകെയും തളിപ്പറമ്പ് നഗരസഭയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നനിലയില്‍ യോജിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാര്‍ഡില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടു.

ഇവിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെതുടര്‍ന്ന് എല്‍.ഡി.എഫ് ഐക്യത്തിന് തുരങ്കം വെക്കുന്ന വിധത്തില്‍ മേല്‍പ്പറഞ്ഞ സി.പി.ഐക്കാരന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. എന്നിട്ടും വിശാലമായ എല്‍.ഡി.എഫ് താല്‍പ്പര്യം പരിഗണിച്ച് മികവുറ്റ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ സി.പി.ഐ.എം നേത്യത്വത്തില്‍ നട ത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഒന്നിച്ച് പ്രകടനമായിപോയി നോമിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

അതിനെയെല്ലാം ഈ വ്യക്തി പൊളിക്കുകയാണ് ചെയ്തത്. എല്‍.ഡി.എഫ് പ്രകടനത്തില്‍ പങ്ക് ചേരാതെ സി.പി.ഐ സ്ഥാനാര്‍ത്ഥിയെയുംകൂട്ടി ഒറ്റക്ക് പോയി നോമിനേഷന്‍ നല്‍കി. ഇതും എല്‍.ഡി.എഫ് താല്‍പ്പര്യത്തിനും തീരുമാനത്തിനും വിരുദ്ധമാണ്.

തെരെഞ്ഞെടുപ്പില്‍ വാര്‍ഡില്‍ പരാജയപ്പെട്ടപ്പോള്‍ വസ്തുതക്ക് നിരക്കാത്ത കള്ളപ്രചരണങ്ങളാണ് നവമാധ്യമങ്ങളിലൂടെ അഴിച്ചുവിട്ടത്.

ഈ വാര്‍ഡില്‍ 3 പോസ്റ്റല്‍ വോട്ടുകള്‍ ഉണ്ടെന്നും അതില്‍ ഒന്ന് യഥാര്‍ത്ഥ എല്‍.ഡി.എഫ് വോട്ടാണെന്നും എന്നാല്‍ 3 വോട്ടും ലഭിച്ചത് യു.ഡി.എഫിനാണെന്നും കള്ളപ്രചരണം നടത്തി. യു.ഡി.എഫ് രണ്ടും എല്‍.ഡി.എഫ് ഒരു വോട്ടുമാണ് ലഭിച്ചത് എന്നതാണ് വസ്തുത.

ന്യൂഇയര്‍ പരിപാടിക്ക് മാന്തംകുണ്ടില്‍ സാധാരണയായി ദീര്‍ഘകാലമായി നടത്തി വരുന്ന യുവധാര ക്ലബ്ബും അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു. പോലിസിന്റെ അഭ്യര്‍ത്ഥന മാനിച്ച് പുതുവത്സരാഘോഷപരിപാടികള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.

റസിഡന്‍സ് അസോസിയേഷന്‍ പോലീസ് അനുമതി ഇല്ലാതെ പരിപാടി നടത്തി. നിയമാനുസൃതം പാലിക്കേണ്ട സമയനിഷ്ഠപോലും പാലിക്കാതെ പരിപാടിതുടര്‍ന്നപ്പോള്‍ പോലീസ് ഇടപെട്ടു. ഇതിന്റെ പേരിലും സി.പി.ഐ.എമ്മിനെ പഴിചാരാനും ആക്ഷേപിക്കാനും നേതാക്കള്‍ക്കെതിരെപോലും പുലഭ്യം പറയാനുമാണ് ശ്രമിച്ചത്. പോലീസ് ഇടപെടലിനെതിരെ പോലീസ്സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.

39 പേര്‍ പങ്കെടുത്തു എന്ന് പറയുന്നതില്‍ തന്നെ മാന്തംകുണ്ട് നിവാസികള്‍ അഞ്ചെട്ട് പേരാണുള്ളത്.

ഈ മാര്‍ച്ചിലും സി.പി.ഐ.എമ്മിനെ ചീത്തപറയുകയാണുണ്ടായത്.
സി.പി.ഐ പ്രസ്ഥാനത്തിന്റെ തണലില്‍ കടുത്ത ഇടതുപക്ഷ വിരുദ്ധതയും സി.പി.ഐ.എം വിരുദ്ധവുമായ നീചമായ പ്രവര്‍ത്തികളാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്വന്തം നിലനില്‍പ്പിനുവേണ്ടി പൊതുരംഗത്ത് നിലനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം വഴിവിട്ട ദുഷ്ചെയ്തികള്‍ തുടരുന്നത് ആര്‍ക്കും ഭൂഷണമല്ല. ഇത്തരം നെറികേട് കാണിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ സി.പി.ഐ നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്നും ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഏരിയാ സെക്രട്ടെറി കെ.സന്തോഷ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.