തളിപ്പറമ്പില്‍ 2026 പിറന്നത് തന്നെ പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലാണ്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന് എന്ന പ്രദേശത്തെ താമസക്കാരുടെ കക്ഷി-രാഷ്ട്രീയഭേദമില്ലാത്ത കൂട്ടായ്മ സംഘടിപ്പിച്ച പുതുവല്‍സരാഘോഷം തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ ആരംഭിച്ച പ്രശ്നങ്ങള്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചിലേക്കും തങ്ങളുടെ ഭാഗങ്ങള്‍ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളിലേക്കും ഒക്കെ കയറിയിറങ്ങി നീങ്ങി വീങ്ങിക്കൊണ്ടിരിക്കയാണ്. ഇതേക്കുറിച്ച് മുഖംനോക്കാതെ ചിലത് പറയാനുണ്ട്.
ലോകത്തിലെല്ലായിടത്തും പുതുവര്‍ഷപിറവി ജനങ്ങളുടെ വലിയൊരു ഒത്തുചേരലും ആഘോഷങ്ങളുമാണ്. ഒരുവിധത്തിലുള്ള വിഭാഗീയ ചിന്തകളുമില്ലാതെ ജനം ആഹ്ളാദിക്കുന്നു.
വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ജനം ഇത്തരത്തില്‍ ഒത്തുചേര്‍ന്ന് പരസ്പരം സന്തോഷിക്കുന്നത്.
രാത്രി ജീവിതം അഥവാ നൈറ്റ്ലൈഫ് എന്നത് മിക്ക രാജ്യങ്ങളിലും സംസ്ക്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന് അംഗങ്ങളും ഒത്തുചേര്‍ന്നത് പുതുവര്‍ഷം ആഘോഷിക്കാനാണ്.