മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി.പത്മരാജന്‍(94)നിര്യാതനായി.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) നിര്യാതനായി. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് തവണ ചാത്തന്നൂരില്‍ നിന്നും നിയമസഭയിലെത്തി. പത്മരാജന്‍ വക്കീല്‍ എന്ന് കൊല്ലത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം പരവൂര്‍ സ്വദേശിയാണ്. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കൊല്ലത്തെത്തിയത്.
1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു. മന്ത്രിസ്ഥാനം രാജിവച്ച് 1983 ല്‍ കെപിസിസി അധ്യക്ഷനായി. ഇക്കാലത്താണ് തിരുവനന്തപുരം ശാസ്തമംഗലത്ത് കെപിസിസി ആസ്ഥാനമായ കെട്ടിടം വാങ്ങിയത്.

സാമൂഹ്യ ക്ഷേമം, ഫിഷറീസ്, വൈദ്യുതി, കയര്‍, ധനം, ദേവസ്വം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കൂടിയാണ് സി.വി.പത്മരാജന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചികിത്സയുടെ ഭാഗമായി മാറി നിന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമലതയും സി.വി.പത്മരാജന് നല്‍കിയിരുന്നു. കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വസന്തകുമാരി. മക്കള്‍: സജി, അനി.