സൈബര്‍ കേസ് ഭീഷണി: മെഡിക്കല്‍ കോളേജ് വനിതാ പ്രഫസറുടെ 9,90,000 രൂപ തട്ടിയെടുത്തു.
പരിയാരം: ആയുര്‍വേദ ഡോക്ടറെ സൈബര്‍കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി.
പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ.മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രഫസറുമായ ഡോ.അഞ്ജലി ശിവറാമന്റെ(46) പണമാണ് തട്ടിയെടുത്തത്.
മുംബൈ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് കേസ്. മെയ്-2 മുതല്‍ നാല് വരെയുള്ള തീയതികളിലാണ് മുംബൈ പോലീസാണെന്ന് ആള്‍മാറാട്ടം നടത്തി തെറ്റിദ്ധരിപ്പിച്ച് ഡോ.അഞ്ജലിയുടെ പിലാത്തറ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും ഒ.ടി.പി കൈക്കലാക്കി പണം തട്ടിയെടുത്തത്.
ഡോ.അഞ്ജലിയുടെ പേരില്‍ സൈബര്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി.