പോലീസ് കസ്റ്റഡിയിലെ മരണം—ശിവകുമാറിന് വിദഗ്ദ്ധ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപണം.

പരിയാരം: പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ ശിവകുമാറിനെ ആദ്യം കൊണ്ടുപോയത് കൂട്ടുംമുഖത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍.

ഫിസിഷ്യനെ കാണിക്കണമെന്ന് പറഞ്ഞതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും 1.55 ഓടെ മരണപ്പെടുകയായിരുന്നു.

രാവിലെ 9.30 നായിരുന്നു കര്‍ണാടകയില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവന്നത്.

പ്രമേഹത്തിന് സ്ഥിരമായി മരുന്നുകഴിച്ചുകൊണ്ടിരുന്ന ശിവകുമാറിന് കുഴഞ്ഞുവീണുവെങ്കിലും വിദഗ്ദ്ധ ചികില്‍സ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ആരോപിച്ചു.

മരണണപ്പെട്ട കര്‍ണാടക സ്വദേശി ശിവകുമാറിന്റെ ബന്ധുക്കള്‍ ഇന്ന് രാത്രിയോടെ ശ്രീകണ്ഠാപുരത്ത് എത്തും. ഇവര്‍ എത്തിയതിന് ശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടത്തുകയുള്ളൂ.

ശ്രീകണ്ഠാപുരം പോലീസ് ഇന്നലെ വഞ്ചന കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ടി.വി.ശിവകുമാര്‍(56)ആണ് മരിച്ചത്.

ബുധനാഴ്ച്ചയാണ് പോലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെ ശ്രീകണ്ഠാപുരം ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ ചേപ്പറമ്പ് സ്വദേശിനിയായ ജെമിനിരാജ് നല്‍കിയ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ണാടകയില്‍ ക്വാറിയും ക്രഷറും വാങ്ങിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ജെമിനിരാജില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശിവകുമാര്‍ വ്യാജ എഗ്രിമെന്റ് നല്‍കി വഞ്ചിച്ചുവെന്നാണ് പരാതി.

കര്‍ണാടകയില്‍ പരാതി നല്‍കിയതില്‍ നടപടികളുണ്ടാവാത്തതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം പോലീസില്‍ പരാതിപ്പെട്ടത്.