ഒന്നും രണ്ടുമല്ല–തളിപ്പറമ്പില്‍ പന്ത്രണ്ടെണ്ണം–
തളിപ്പറമ്പ്: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം പരിധിയില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുമാണ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
തളിപ്പറമ്പ് ടൗണ്‍ ടാക്‌സി സ്റ്റാന്‍ഡ്, ധര്‍മശാല, ചെക്യാട്ട്, ചേലേരിമുക്ക്, ചപ്പാരപ്പടവ് തെറ്റുന്ന റോഡ്, കാഞ്ഞിരങ്ങാട് ആര്‍ ടി ഒ ഗ്രൗണ്ട്, കുറുമാത്തൂര്‍ പൊക്കുണ്ട്, അഞ്ചാംപീടിക, മലപ്പട്ടം സെന്റര്‍, ചെറുവത്തലമൊട്ട,പറശ്ശിനിക്കടവ്,പൂവ്വം ടൗണ്‍ എന്നീ കേന്ദ്രങ്ങളിലാണ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക.
പ്രത്യേകം തയ്യാറാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പണം അടക്കേണ്ടത്.
പെട്രോളിന്റെയും, ഡീസലിന്റെയും വിലക്കയറ്റം സാധാരണ വാഹന ഉടമകളുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കുന്നുണ്ട്.
ഇത്തരം വാഹന ഉപയോഗം പ്രകൃതിക്കും ദോഷകരമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതോടുകൂടി ഈ രണ്ട് പ്രതിസന്ധികള്‍ക്കും വലിയൊരളവില്‍ പരിഹാരമാകും.
ചാര്‍ജിങ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാകുകയും കൂടുതല്‍ പേര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് തുടങ്ങുകയും ചെയ്യും.
തദ്ദേശ സ്വയം ഭരണ എക്‌സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് മണ്ഡലത്തില്‍ പന്ത്രണ്ട് സ്‌റ്റേഷനുകള്‍ക്ക് അനുമതി ലഭ്യമായത്.
