4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അല്‍ഭുത അനുഭവകഥ വായിക്കൂ–
തളിപ്പറമ്പ്: നാലുമാസം നീണ്ട ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയില്‍ നിന്നാണ് ഷമില്‍ പ്രിയപ്പന്‍ തുടങ്ങിയത്.
ഉപയോഗത്തിലിരുന്ന സിഎഫ്എല്ലുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ മാറ്റിയിടുന്നതില്‍ തുടങ്ങിയ പരിശ്രമം.
രണ്ട് മുറികളില്‍ സീറോ വാട്ടെന്ന പേരില്‍ ഉപയോഗിച്ചിരുന്ന കളര്‍ ബള്‍ബുകള്‍ ഉപേക്ഷിച്ചു. മുറികളിലെ പഴഞ്ചന്‍ പങ്കകള്‍ക്ക് പകരം ബിഎല്‍ഡിസി ഫാനുകളാക്കി.
വാട്ടര്‍ ഹീറ്ററുകളെല്ലാം സോളാര്‍ ഹീറ്ററുകളാക്കി. അടുക്കളയില്‍ കൂടി സോളാര്‍ ഹീറ്ററില്‍ നിന്നുളള വെള്ളമെത്തിയതോടെ ഗ്യാസ് ഉപയോഗവും കുറഞ്ഞു.
ഇന്‍വെര്‍ട്ടര്‍ സൗരവൈദ്യുതിയിലേക്ക് മാറ്റി. ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തിലുള്ള അനാവശ്യവൈദ്യുതി ഉപയോഗത്തിനെല്ലാം ‘നോ’ പറഞ്ഞതോടെ ഒന്നാമത്തെ ബില്ലില്‍ രണ്ടായിരം രൂപയോളം കുറഞ്ഞു.
പിന്നേയും ആഞ്ഞുപിടിച്ചപ്പോള്‍ അടുത്ത ബില്ല് 1752ല്‍ ഒതുങ്ങി. 1200 രൂപയെന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഷമിലും കുടുംബവും.
വെറുതെ കഥ പറയുകയല്ല, വൈദ്യുതിയുടെ ശരിയായ വിനിയോഗത്തിന് സ്വീകരിച്ച മാര്‍ഗങ്ങളുടെയും ഒരോ തവണയും ബില്ലിലുണ്ടായ മാറ്റങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുമായാണ് അക്ഷയ ഊര്‍ജ പ്രചാരകനും സംരംഭകനുമായ ഷമില്‍ പ്രിയപ്പന്റെ അനുഭവസാക്ഷ്യം.
കൈക്കുമ്പിളില്‍ കോരിയെടുത്ത വെള്ളം പോലെ അറിഞ്ഞും അറിയാതെയും പാഴാക്കുന്ന ഊര്‍ജത്തെ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളാണ് ജില്ലയിലെ വനിതാ സംരംഭകര്‍ക്കായി കാത്തിരങ്ങാട് റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച ജില്ലാതല ഊര്‍ജസംരക്ഷണ ശില്‍പ്പശാല ചര്‍ച്ച ചെയ്തത്.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലെപ്‌മെന്റും നേതൃത്വം നല്‍കുന്ന ഊര്‍ജ കിരണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് ശില്‍പശാല.
റൂഡ്‌സെറ്റ്, തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, റൂഡ്‌സെറ്റില്‍ തൊഴില്‍ പരിശീലനം നേടിയവരുടെ സംഘടനയായ ആര്‍ട്ടേ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശില്‍പശാല. വീടുകളും തൊഴിലിടങ്ങളും നാടും ഊര്‍ജ സൗഹൃദമാക്കാന്‍ മനോഭാവമാണ് മാറേണ്ടതെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു.
ശ്രദ്ധാപൂര്‍വമായതും ശരിയായതുമായ വൈദ്യുതി ഉപയോഗത്തിലൂടെ ഉപഭോഗത്തില്‍ ഇരുപത് ശതമാനം കുറവുവരുത്താമെന്ന് ശില്‍പശാലയില്‍ ‘ഊര്‍ജലാഭത്തിന്റെ പ്രായോഗിക വഴികള്‍’ എന്ന വിഷയം അവതരിപ്പിച്ച കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി പറഞ്ഞു.
ഇ എം സി റിസോഴ്‌സ്‌പേഴ്‌സണ്‍ വി.വി.ഗോവിന്ദന്‍ ‘ഊര്‍ജ സംരക്ഷണം എന്ത്? എന്തിന്’ വിഷയാവതരണം നടത്തി.
പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.ഗോപാലന്‍ മുഖ്യാതിഥിയായി. റൂഡ്‌സെറ്റ് ഡയറക്ടര്‍ കെ.പി.അരുണ്‍ അധ്യക്ഷനായി. റൂഡ്‌സെറ്റ് ഫാക്കല്‍റ്റി അഭിലാഷ് നാരായണന്‍ സ്വാഗതം പറഞ്ഞു.