രക്ഷപ്പെട്ട തടവുകാരന്‍ കാഞ്ഞങ്ങാട്ട് പിടിയിലായി-

പരിയാരം: മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട തടവുകാരനായ മോഷ്ടാവ് കാഞ്ഞങ്ങാട് വെച്ച് പോലീസ് പിടിയിലായി.

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് തടവുകാരനായ ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (35)ആണ്പിടിയിലായത്.

ഇന്നലെ വൈകുന്നേരം നാലോടെ വാര്‍ഡില്‍ നിന്ന് കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ഓടിപ്പോയത്.

രാത്രി പത്തരയോടെ മഡിയനില്‍ വെച്ചാണ് പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.

കാഞ്ഞങ്ങാട് വെച്ച് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് ഓടിച്ചുപോകവെ പിന്തുടര്‍ന്നപ്പോള്‍ മഡിയനില്‍ വെച്ച് ഇയാള്‍ അപകടത്തില്‍ പെടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം എത്തിയ പോലീസാണ് അപകടത്തില്‍പെട്ടത് മുഹമ്മദ് നവാസാണെന്ന് തിരിച്ചറിഞ്ഞത്.

ഇയാളെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 10- തീയതിയാണ് ഇയാളെ പരിയാരത്ത് അഡ്മിറ്റ് ചെയ്തത്.

കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ബൈക്ക് കളവു കേസിലെ പ്രതിയാണ് ഇയാള്‍.

പോലിസ് വ്യാപക അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി കുടുങ്ങിയത്.