കഞ്ചാവുകാരെ പൂട്ടും-എക്‌സൈസ് നടപടി ശക്തം- രണ്ടുപേര്‍ അറസ്റ്റില്‍.

 

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് റെയിഡ് സജീവമായി.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ
ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ വലയിലായി.

കൂവേരി ഏഴുംവയല്‍ മടംതട്ട് എന്ന സ്ഥലത്ത് വെച്ച് തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷനും സംഘവും KTM 390 (MH. 05. DG 1136) ആഡംബര ബൈക്കില്‍

വില്‍പ്പനക്കായി 25 ഗ്രാം കഞ്ചാവ് കൊണ്ടു വന്ന പാണപ്പുഴ അംശം ഏര്യം തെന്നം കല്ലടത്ത് വീട്ടില്‍ കെ.അഷ്‌റഫിന്റെ മകന്‍ കെ.ഷമ്മാസ്(24)നെ അറസ്റ്റ് ചെയ്ത് കേസാക്കി.

നിരവധി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍ക്കുന്ന മുഖ്യകണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

തളിപ്പറമ്പ്, പൂവ്വം, കൂവേരി, പരിയാരം, ചപ്പാരപ്പടവ്, മടംതട്ട് എന്നിവിടങ്ങളില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് ഷമ്മാസാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.


അടുത്തിടെ മാഹി മദ്യം കാറില്‍ കടത്തിയ കുറ്റത്തിന് റിമാന്റില്‍ ആയിരുന്ന ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം യുവാക്കളെയും കോളേജ് കുട്ടികളെയും ലക്ഷ്യം വെച്ച് കഞ്ചാവ് വില്‍പ്പനക്കിറങ്ങിയിരിക്കുകയാണ്.

പിറകിലെനമ്പര്‍ പ്ലേറ്റ് അഴിച്ച് മാറ്റി അമിത വേഗത്തില്‍ ബൈക്കില്‍ വന്ന് കഞ്ചാവ് കൊടുത്ത് പോകുന്നതാണ് രീതി.

മേല്‍ സ്ഥലങ്ങളിലെ മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവാക്കളെ കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും എക്‌സൈസ് പറഞ്ഞു.

പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജിവന്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.യേശുദാസ്, ഇ.എച്ച്.ഫെമിന്‍, റെനില്‍ കൃഷ്ണന്‍, പി.പി.രജിരാഗ് എക്‌സൈസ് ഡ്രൈവര്‍   സി.വി.അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കൂവേരി ഏഴും വയല്‍ മടംതട്ട് എന്ന സ്ഥലത്ത് വെച്ച് തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ പി.കെ രാജിവനും സംഘവും 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന്

പാണപ്പുഴ ഏര്യം കണാരം വയലിലെ കൂവ്വക്കാട്ടില്‍ കെ.എം.ജോസഫിന്റെ മകന്‍ മാത്യു ജോസഫിനെയും(24)പിടികൂടി.