താലൂക്ക് വികസനസമിതിക്ക് തെറ്റായവിവരം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നതായും പരാതി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിക്ക് തെറ്റായ വിവരം സമര്‍പ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളെ
സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാനും ശ്രമിക്കുന്നതായി ആരോപണം.

അമിതമായ ഉയരത്തില്‍ നിര്‍മ്മിച്ച പതികാരമതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്ന 2022 ഡിസംബര്‍ മാസത്തെ താലൂക്ക് വികസനസമിതി തീരുമാനം നടപ്പിലാക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ജനുവരിമാസത്തെ താലൂക്ക് വികസന സമിതിയില്‍ പങ്കെടുത്ത് നേരിട്ട് വ്യക്തമാക്കിയതിനെ തുടര്‍ന്നുണ്ടായ

വിവാദങ്ങളില്‍ ഫെബ്രുവരി 3 ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടെറി സമര്‍പ്പിച്ച കത്തിലാണ് 42 വര്‍ഷം മുമ്പ് 1980 ല്‍ പണിത മതില്‍ 2004 ല്‍ പണിതതെന്ന് തെറ്റായ വിവരം നല്‍കി താലൂക്ക് വികസനസമിതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്.

കൂടാതെ താലൂക്ക് വികസനസമിതി നിര്‍ദ്ദേശം നിലനില്‍ക്കെ സിമന്റ് പ്ലാസ്റ്റര്‍ ചെയ്ത് വീണ്ടും മതിലിന്റെ ഉയരം രണ്ടിഞ്ച് വര്‍ദ്ധിപ്പിച്ച് വികസനസമിതിയെ തന്നെ വെല്ലുവിളിക്കുകയും ചെയ്തത ബ്ലോക്ക് അധികൃതര്‍

ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീലോഡ്ജ് വരുന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്താനാണ് മതില്‍ ഉയര്‍ത്തുന്നതെന്നും കത്തില്‍ പറയുന്നു. പരിസരവാസികളെ മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിലാണ് ഈയൊരു പ്രയോഗം നടത്തിയതെന്നും ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

ഒരു വീട്ടിലേക്ക് വെളിച്ചവും കാറ്റും നിഷേധിക്കാനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെയും ഭരണസമിതിക്കെതിരെയും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു ഉന്നതെന്റെയും ഈഗോ പ്രശ്നമാണ് ഇതിന് കാരണമെന്ന ആരോപണം ശരിവെക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ റിപ്പോര്‍ട്ട്.