മെയ് 21 ന് കുറുമാത്തൂരില്‍ കര്‍ഷകചങ്ങല– 23 ന് 6000 വീടുകളില്‍ വിളവിറക്കും-

കുറുമാത്തൂര്‍: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഭക്ഷ്യസ്വയംപര്യാപ്തമാക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുക എന്നീ

ലക്ഷ്യങ്ങളോടുകൂടി കേരള സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതിന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ തലസമിതി രൂപീകരിച്ചു.

പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 6000 വീടുകളില്‍ നെല്‍കൃഷി ചെയ്യും. കര്‍ഷകരുടെ മഹത്വം പ്രഖ്യാപിച്ചു കൊണ്ട് 2022 മെയ് 21 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കുറുമാത്തൂര്‍ പൊക്കുണ്ട് മുതല്‍ കര്‍ഷകചങ്ങല തീര്‍ക്കുവാന്‍ തീരുമാനിച്ചു.

ചങ്ങലയെ തുടര്‍ന്ന് വിതരണം ചെയ്യുന്ന നെല്‍വിത്ത് മെയ് 23 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഒരേ സമയം 6000 വീടുകളില്‍ വിളവിറക്കും.

പദ്ധതി നടത്തിപ്പിനായി എല്ലാ വാര്‍ഡുകളിലും ഒരു വാര്‍ഡില്‍ 2 എന്ന നിലയില്‍ 34 കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കും.

വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ അംഗന്‍വാടികള്‍ ,വായനശാലകള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം സ്ഥാപനങ്ങളെയും ഉള്‍പെടുത്തി പദ്ധതി നടപ്പിലാക്കും.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില പദ്ധതി വിശദീകരിച്ചു.

സി.എം.സബിത, ടി.പി.പ്രസന്ന ടീച്ചര്‍, പി.ലക്ഷ്മണന്‍, സി.അനിത, കെ.ശശിധരന്‍, കെ.കൃഷ്ണന്‍, ഐ.വി.നാരായണന്‍, ചന്ദ്രന്‍ കീരിയാട്, കെ.വി.നാരായണന്‍, കെ.വി.അയൂബ് എന്നിവര്‍ സംസാരിച്ചു.

യോഗത്തോടനുബന്ധിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനത്തിന്റെ തല്‍സമയ പ്രദര്‍ശനവും നടത്തി.

പരിപാടിയില്‍ കൃഷി അസിസ്റ്റന്റ് സി.ശ്രീഷ്മ സ്വാഗതവും എം.വി.വീണ നന്ദിയും പറഞ്ഞു.