വീണ്ടും തീപടര്‍ന്നു-കത്തിയമര്‍ന്നത് അഞ്ഞൂറ് വാഹനങ്ങള്‍-സമൂഹവിരുദ്ധര്‍ക്ക് പങ്കെന്ന് സൂചന-പോലീസന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വീണ്ടും തീപിടുത്തം,

ഇന്ന് സന്ധ്യക്ക് ഏഴോടെയാണ് കത്തിയമര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും തീ പടര്‍ന്നത്.

സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനാല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വന്‍ തീപിടുത്തത്തില്‍ അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ വെള്ളാരംപാറയില്‍ ഇന്നലെ ഉച്ചക്ക് 11.20 നായിരുന്നു തീപിടിച്ചത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥലത്തെത്തിയത്.

എന്നാല്‍ കനത്ത കാറ്റും ചൂടും ആയതോടെ തീ പടര്‍ന്നുപിടിക്കുകയും റസിഡന്‍ഷ്യല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ പയ്യന്നൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് യൂണിറ്റ് അഗ്‌നിശമനസേനകളും സ്ഥലത്തെത്തി.

സംസ്ഥാനപാതയിലൂടെയുള്ള വാഹനഗതാഗതവും പോലീസ് തടഞ്ഞു. ഇതോടെ വാഹനങ്ങള്‍ ബാവുപ്പറമ്പ് വഴി തിരിച്ചുവിടുകയായിരുന്നു.

തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പഴയങ്ങാടി, പയ്യന്നൂര്‍, മയ്യില്‍, പരിയാരം, വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും പോലീസ് പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിംഗ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്.

വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

അഗ്നിശമനസേനാ വാഹനങ്ങള്‍ക്ക് പുറമെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ലോറികളും വെള്ളവുമായി സ്ഥലത്തെത്തിയിരുന്നു.

കണ്ണൂര്‍ മേഖലാ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനകള്‍ ആറ് മണിക്കൂറുകളോളം സമയമെടുത്താണ് തീയണച്ചത്.

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത, ആര്‍ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.സജീവന്‍, ഭൂരേഖാ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍,

ഡി.വൈ.എസ്.പി എം.പി.വിനോദ്. എസ്.എച്ച്.ഒ എ.വി.ദിനേശന്‍, സി.പി.എം.തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവരുള്‍പ്പെടെ നിരവധിപ്രമുഖര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

തളിപ്പറമ്പ്: വെള്ളാരംപാറയില്‍ തീ പടര്‍ന്നുപിടിച്ചത് ഡംപിംഗ് യാര്‍ഡിന്റെ പിറകുഭാഗത്തുനിന്നും. തീ യാര്‍ഡിലേക്ക് ഇരച്ചെത്തിയതോടെയാണ് കാവല്‍ നില്‍ക്കുന്ന ഹോംഗാര്‍ഡ് വിവരമറിയുന്നത്.

കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ മൂന്ന് ബസുകള്‍ യാര്‍ഡില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അഗ്‌നിശമനസേനയെത്തി പെട്ടെന്നുതന്നെ മാറ്റിയതിനാല്‍ ഇവ അഗ്നിദഹനത്തില്‍ നിന്ന് രക്ഷപ്പെട്ടു.

വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പുകളില്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ച് വര്‍ഷം മുമ്പ് റവന്യൂ മിച്ചഭൂമിയില്‍ പെടുന്ന അരയേക്കര്‍ സ്ഥലത്ത് ഡംപിംഗ് യാര്‍ഡ് സ്ഥാപിച്ചത്.

സ്ഥലപരിമിതി കാരണം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അട്ടിയിട്ടിരിക്കുകയായിരുന്നു. തീപടര്‍ന്നതോടെ തുരുമ്പുപിടിച്ചു തുടങ്ങിയ വാഹനങ്ങള്‍ ഭൂരിഭാഗവും വളരെ പെട്ടെന്ന് തന്നെ കത്തിയമരുകയായിരുന്നു.