ആശുപത്രി കാന്റീനില്‍ തീപിടുത്തം-അഗ്‌നിശമനസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

പയ്യന്നൂര്‍: സ്വകാര്യ ആശുപത്രിയുടെ കാന്റീനില്‍ തീപിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം.

പയ്യന്നൂര്‍ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ക്യാന്റീനില്‍ ഇന്നലെ രാത്രി 8.45 നാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകള്‍ക്ക് തീപിടിച്ചത്.

കാന്റീന്‍ അടച്ച് ഉടമസ്ഥര്‍ വീട്ടില്‍ പോയ സമയത്താണ് തീപടര്‍ന്നത്.

അടുപ്പില്‍ അണയാതെ കിടന്ന കനലില്‍ നിന്നും ഉണങ്ങിയ വിറകിലേക്ക് തീപൊരി വീണ് കത്തിയതായി സംശയിക്കുന്നു.

സമീപത്തായി നാല് ഗ്യാസ് സിലിണ്ടറുകളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു.

തീയും പുകയും നിറഞ്ഞ അടുക്കളയില്‍ സേനാംഗങ്ങള്‍ ശ്വസനോപാധികള്‍ ധരിച്ച് കയറിയ ഉടനെ സിലിണ്ടറുകള്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും നിമിഷനേരം കൊണ്ട് തീ നിശ്ശേഷം അണക്കുകയും ചെയ്തു.

തീപടര്‍ന്ന ഉടനെ സമീപവാസി ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉപയോഗിച്ചിരുന്നതും തീ പടരുന്നത് തടയാന്‍ സഹായിച്ചു.

തീപിടിച്ച ഉടനെ കണ്ടെത്തിയതും സിലിണ്ടറുകള്‍ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞതും മൂലം ഒഴിവായത് വന്‍ ദുരന്തമാണ്.

അസി സ്റ്റേഷന്‍ ഓഫീസര്‍ തോമസ് ഡാനിയേല്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.മുരളി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, നന്ദകുമാര്‍, പി.പി.ലിജു, എം.എസ്.അഖില്‍ എന്നിവരാണ് അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നത്.