ദൂരൂഹസാഹചര്യത്തില്‍ തീപിടുത്തം-25 ഏക്കറിലേറെ കത്തിനശിച്ചു-

പരിയാരം: ദുരൂഹസാഹചര്യത്തില്‍ വന്‍ തീപിടുത്തം 25 ഏക്കറോളം സ്ഥലത്തെ കാട്ടുമരങ്ങളും കശുമാവുകളും ഉള്‍പ്പെടെ കത്തിനശിച്ചു.

പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളില്‍ പെടുന്ന കാരക്കുണ്ട്, അവുങ്ങുംപൊയില്‍.

എം.എം.നോളജ് കോളേജ് പരിസരം എന്നിവിടങ്ങളിലായിരുന്നു ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ തീ പടര്‍ന്നുപിടിച്ചത്.

മിച്ചഭൂമിയായി കിടക്കുന്ന സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും തീപിടുത്തമുണ്ടായി.

ഒരിടത്ത് തീ കെടുത്തി തീര്‍ന്നതോടെ ഇതുമായി ബന്ധമില്ലാത്ത അരകിലോമീറ്റര്‍ അകലെയും തീപിടിച്ചതാണ് ദുരൂഹത സംശയിക്കാന്‍ കാരണമായത്.

ഏതെങ്കിലും സമൂഹവിരുദ്ധര്‍ തിവെച്ചതായിട്ടാണ് നാട്ടുകാരും അഗ്നിശമനസേനയും സംശയിക്കുന്നത്.

തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍

ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ അഞ്ചരമണിക്കൂറിലേറെ കഠിനപ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മൂന്ന് ടാങ്ക് വെള്ളം തീര്‍ന്നിട്ടും തീ അണയാത്തതിനെ തുടര്‍ന്ന് വാഹനം കടന്നുചെല്ലാത്ത സ്ഥലങ്ങളില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയെടുത്ത്

തീ അടിച്ച് കെടുത്തുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയെ സഹായിക്കാനായി എത്തിയിരുന്നു.