കുഴല്‍കിണര്‍ നിര്‍മ്മാണ ലോറി കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം.
നടുവില്‍: കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു, 50 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ടി.എന്‍. 20 ബി.എല്‍-5567 സ്വരാജ് മസ്ദ ലോറിയാണ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്.
കമ്പല്ലൂരിലെ എം.വി.ജെ.ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാറിസ്ഥാനത്തില് സര്‍വീസ് നടത്തുന്ന ലോറിക്കാണ് തീപിടിച്ചത്.
ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രഷര്‍ ഉല്‍പ്പെടെയാണ് തീപിടുത്തത്തില്‍ നശിച്ചത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയാണ് തീകെടുത്തിയത്.
അസി.സ്റ്റേഷന് ഓഫീസര്‍ സി.വി.ബാലചന്ദ്രന്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ടി.വിജയ്, വിപിന്‍, അര്ജുന്, ബിജു, അഭിനേഷ്, ഷജില്‍കുമാര്‍, ഹോംഗാര്‍ഡുകളായ ജയന്, സജീന്ദ്രന്, ഭാസ്ക്കരന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
തീപിടിത്തമുണ്ടായ സ്ഥലത്തെ മണിയംകുന്നേല്‍ മാത്യുവിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട കെ.എല്‍.59 ജി 5411 ഇയോണ്‍ കാറിന്റെ പെയിന്റ് കനത്ത ചൂടില്‍ ഉരുകി നശിച്ചു.
കംപ്രഷറിന്റെ ഭാഗത്തുനിന്നും പുകയും പൊട്ടലും ഉണ്ടായതോടെയാണ് തീപിടിച്ചത്.
ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും പെട്ടെന്ന് ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ഡീസല്‍ ടാങ്കും കംപ്രഷറും പൊട്ടിത്തെറിച്ച് വലിയ ദുരന്തമുണ്ടാവുന്നത് തടയാന്‍ അഗ്നിശമനസേനയുടെ ഇടപെടലിന് സാധിച്ചു.
