തെങ്ങില്‍ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കള്ള് ചെത്താന്‍ കയറി തെങ്ങില്‍ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതീവ സാഹസികമായി രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ ഏഴരയോടെ പറശിനിക്കടവ് നണിയൂരിലായിരുന്നു സംഭവം.
മയ്യില്‍ ചെറുപഴശി സ്വേദേശിയായ ഷിബു കാമ്പ്രത്താണ്(39) തെങ്ങില്‍ കുടുങ്ങിയത്.
നണിയൂര്‍ നമ്പ്രത്തെ മാധവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള തെങ്ങിലാണ് ഷിബു കള്ള് ചെത്താന്‍ കയറിയത്.
തെങ്ങിന് മുകളിലെത്തിയപ്പോള്‍ ക്ഷീണം അനുഭവപ്പെട്ട ഷിബുവിന് താഴെയിറങ്ങാന്‍ സാധിക്കാതെ വന്നതോടെ പ്രദേശവാസികളായ
രണ്ടുപേര്‍ തെങ്ങിന് മുകളില്‍ കയറി താഴെ വീഴാതെ പിടിച്ചുനിര്‍ത്തി അഗ്നിശമനസേനയെ വിവരമറിയിച്ചു.
തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ
പി.വി.ഗിരീഷ്, കെ.വി.അനൂപ്, കെ.പി.ഉമേഷ് എന്നിവര്‍ ലാഡര്‍ വഴി മുകളിലേക്ക് കയറി റെസ്‌ക്യൂനെറ്റ് ഉപയോഗിച്ചാണ് ഷിബുവിനെ താഴെയിറക്കിയത്.
ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, ഫിലിപ്പ്മാത്യു എന്നിവരും അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നു.
അഗ്നിശമനസേനയുടെ ആംബുലന്‍സിവല്‍ തന്നെയാണ് ഷിബുവിനെ ആശുപത്രിയിലെത്തിച്ചത്.
