പ്രമുഖ ഡോക്ടര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിടുന്നു, കാര്‍ഡിയോളജി വിഭാഗം പ്രതിസന്ധിയില്‍

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ പ്രമുഖ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് വിടുന്നു.

സഹകരണ ഹൃദയാലയയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ചികില്‍സാ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം കാര്‍ഡിയോളജി വിഭാഗം വിടുന്നതോടെ ഒരു കാലഘട്ടം തന്നെയാണ് അവസാനിക്കുന്നത്.

കാര്‍ഡിയോളജി വിഭാഗത്തില്‍ പുതിയ എച്ച്.ഒ.ഡി അടുത്ത ദിവസം ചാര്‍ജെടുക്കും.

മികച്ച ഡോക്ടര്‍മാര്‍ ഒന്നൊന്നായി സ്വകാര്യ ആശുപത്രിയിലേക്ക് പോയിക്കൊണ്ടിരിക്കെ പരിയാരത്തെ ഹൃദയചികില്‍സയുടെ പെരുമ തന്നെ അവസാനിക്കാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

പരിയാരത്തെ ഹൈലൈറ്റായ ഹൃദയചികില്‍സാ വിഭാഗത്തില്‍ നടപ്പിലാക്കിയതും സംഭവിച്ചതുമായ കാര്യങ്ങള്‍ ഈ വിഭാഗത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി കൊല്ലാതെ കൊല്ലാന്‍ കാണിച്ച വ്യഗ്രതയാണ് പുറത്തുകൊണ്ടുവരുന്നത്.

6 കോടിയുടെ കാത്ത് ലാബ് തകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രതിയെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നതും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

വടക്കേമലബാറിലെ ആരോഗ്യരംഗത്ത് പുതിയ വഴി തുറക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും മൊത്ത വിതരണ കേന്ദ്രമായി മാറിയിരിക്കയാണ്.

ഒട്ടുമിക്ക വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ അഭാവം നിലനില്‍ക്കുകയാണ്.

ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് നിത്യസംഭവമാകുന്നു.

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെ എത്രയോ മടങ്ങ് പ്രശ്‌നങ്ങളാണ് മെഡിക്കല്‍ കോളേജ് അഭിമുഖീകരിക്കുന്നത്.

അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ മുഖ്യകാരണമായി പിന്നാമ്പുറങ്ങളില്‍ പറയപ്പെടുന്നത്.

രാഷ്ട്രീയനിയമനം ലഭിച്ചപലരേയും സര്‍ക്കാര്‍ ജീവനക്കാരായി നിയമിക്കേണ്ടി വരുന്നത് ജീവനക്കാരുടെ ആഗിരണ പ്രക്രിയയില്‍ വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.

ഇതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്.