ടര്‍ഫുകള്‍ തട്ടുകടകള്‍പോലെ പെരുകുന്നു-പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു.
കരിമ്പം.കെ.പി.രാജീവന്‍
കണ്ണൂര്‍: ടര്‍ഫ് ഗ്രൗണ്ടുകളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്.
അടുത്ത കാലത്തായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പെട്ടിക്കടകള്‍ പോലെ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന ഫുട്‌ബോള്‍ ടര്‍ഫുകളില്‍
വീണ് മാരകമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്.
മാസത്തില്‍ ശരാശരി 12 കേസുകളെങ്കിലും ഫുട്‌ബോള്‍ ടര്‍ഫുകളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെയതായി എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്വകാര്യ ക്ലിനിക്കുകളിലും മറ്റും എത്തുന്ന കേസുകള്‍ ഇതിന് പുറമെയാണ്. പലരുടെയും പരിക്കുകള്‍ മാരകമാണ്. മാസങ്ങളോളം ചികില്‍സക്ക് വിധേയമാകേണ്ട സാഹചര്യമാണ് പലപ്പോഴും സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ശാസ്ത്രീയമായ നിര്‍മ്മിക്കപ്പെടാത്ത ടര്‍ഫുകളാണ് ഭൂരിഭാഗവുമെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നത്.
സാധാരണഗതിയില്‍ ഒരു കളിസ്ഥലം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങളോ നിലവാരമോ പാലിക്കാതെയാണ് ടര്‍ഫുകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നാണ് ആക്ഷേപം.
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ തറയില്‍ കോണ്‍ക്രീറ്റ് ചെയ്ത് കൃത്രിമ പുല്ലുകളുടെ ഷീറ്റുകള്‍ പതിപ്പിച്ച ടര്‍ഫുകളാണ് കൂടുതലും നിര്‍മ്മിക്കുന്നത്.
ഭൂരിഭാഗം ടര്‍ഫുകളിലും ഷോക്ക്പാഡുകള്‍ വിരിക്കാതെയാണ് നിര്‍മ്മിക്കുന്നത്. ഇത് കാരണം കളിക്കിടയില്‍ വീഴുന്നവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുമെന്ന് സ്‌പോര്‍ട്‌സ് രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
ടര്‍ഫുകളുടെ നിര്‍മ്മാണം ശാസ്ത്രീയമായി പരിശോധിക്കാനുള്ള ഒരു സംവിധാനവും ഇന്ന് നിലവിലില്ലാത്ത സ്ഥിതിയാണ്.
വിദേശരാജ്യങ്ങളില്‍ ടര്‍ഫുകള്‍ നിര്‍മ്മിക്കുന്നത് ഒട്ടേറെ സാങ്കേതിക മേന്‍മകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ പുല്ലുകള്‍ വെച്ചുപിടിപ്പിച്ചാണ്.
എന്നാലിവിടെ ആര്‍ക്ക് വേണമെങ്കിലും ഏത് തരത്തിലും എവിടെയും ടര്‍ഫുകള്‍ ആരംഭിക്കാമെന്നതാണ് സ്ഥിതി. സ്‌പോര്‍ട്‌സ് കൗണ്‍സിലിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ ടര്‍ഫുകളുടെ മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല.
രാത്രികാലങ്ങളില്‍ ഏറെ നേരം പ്രവര്‍ത്തിക്കുന്ന ടര്‍ഫുകളില്‍ പോലീസിന്റെ പരിശോധനകളുമില്ല.
റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ ആളുകളുടെ സ്വകാര്യ ജീവിതത്തിന് തടസമാകുന്നതായ പരാതികളും ഉയരുന്നുണ്ട്.
ടര്‍ഫുകളുടെ നിര്‍മ്മാണത്തിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നയം രൂപീകരിക്കണമെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.