തട്ടിപ്പുകാര്‍ക്ക് ഇവിടെ താലോലം-വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തിനെതിരെ ഇടപാടുകാര്‍.

തളിപ്പറമ്പ്: ക്ഷേമപെന്‍ഷനില്‍പോലും കയ്യിട്ടുവാരിയ ജീവനക്കാരനില്‍ നിന്നും തട്ടിച്ചെടുത്ത തുക തിരിച്ചടപ്പിച്ച് കോംപ്ലിമെന്റാക്കിയ അധികൃതര്‍ക്കെതിരെ ഇടപാടുകാരില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു.

തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പിഗ്മി കളക്ടറില്‍ നിന്നും പണം ഈടാക്കിയ ശേഷം അയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി പ്രചരിപ്പിക്കുന്ന സ്ഥാപന ഭരണസമിതിക്കെതിരെയാണ് വിമര്‍ശനം.

നേരത്തെയും വെട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി നിയമപരമായി പ്രശ്‌നം കൈകാര്യം ചെയ്ത് സ്ഥാപനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പകരം ഇത്തരക്കാരെ രക്ഷിച്ചെടുത്ത് സംരക്ഷിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

കുപ്പം സ്വദേശിയായ ഒരു ജീവനക്കാരന്‍ വെട്ടിച്ച 33 ലക്ഷം രൂപ തിരിച്ചടപ്പിച്ച ശേഷം അയാളെയും സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കി സംരക്ഷിക്കുന്ന ഭരണസമിതിയാണ് ജീവനക്കാരുടെ തട്ടിപ്പിന് ഒത്താശനല്‍കുന്നതെന്നും ഈ ഭരണസമിതിയെ പിരിച്ചുവിടണമെന്നും ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ഒരുകാലത്ത് ജില്ലയിലെ ഏറ്റവും മികച്ച സഹകരണ ധനകാര്യ സ്ഥാപനമായിരുന്നു ഇത്.

എന്നാലിപ്പോള്‍ കെടുകാര്യസ്ഥത കൊണ്ട് സ്ഥാപനം തന്നെ കുത്തുപാളെയടുക്കുന്ന അവസ്ഥയിലാണ്.

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഈ സഹകരണ സ്ഥാപനത്തിലെ വെട്ടിപ്പിനേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ ഞങ്ങളുമായി ബന്ധപ്പെട്ടുവരുന്നുണ്ട്.

തട്ടിപ്പുകളുടെ നിരവധി പുതിയ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്.