തളിപ്പറമ്പില്‍ ഗണേശോത്സവം വിഗ്രഹനിമഞ്ജന ഘോഷയാത്രയില്‍ സിപിഐ പ്രവര്‍ത്തകരും

തളിപ്പറമ്പ്: ഗണേശോത്സവം വിഗ്രഹനിമഞ്ജന ഘോഷയാത്രയില്‍ സിപിഐ പ്രവര്‍ത്തകര്‍ പങ്കെടുത്തതിന്റെ ഞെട്ടലില്‍ സിപിഐ നേതൃത്വം.

ഇന്നലെ തളിപ്പറമ്പില്‍ ഗണേശ സേവാ സമിതി സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗണേശോത്സവം വിഗ്രഹനിമഞ്ജന ഘോഷയാത്രയിലാണ് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളിധരന്റെ മകന്‍ അടക്കമുള്ളവര്‍ പങ്കെടുത്തത്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് ഇത് കൂടുതല്‍ ചര്‍ച്ചയായത്.

ഗണേശോത്സവ വിഗ്രഹ വരവേല്‍പ് ഉദ്ഘാടനം ചെയ്തത് സിനിമാ സംവിധായകന്‍ മേജര്‍ രവി ആയിരുന്നു.

സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തത് പൂജനീയ സ്വാമി അമൃതകൃപാനന്ദപുരിയും മുഖ്യപ്രഭാഷണം നടത്തിയത് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയുമായിരുന്നു.

തളിപ്പറമ്പ് നഗരത്തിലൂടെ നടന്ന വിഗ്രഹഞ്ജന ഘോഷയാത്ര ഗണേശ വിഗ്രഹം കുപ്പം പുഴയില്‍ നിമഞ്ജനം നടത്തിയതോട് കൂടി സമാപിച്ചു.