തോക്ക് കുടകില്‍ നിന്നും-ഏജന്റ് പെരിങ്ങോം സ്വദേശി. കാട്ടുപന്നിവേട്ട വ്യാപകം.

പരിയാരം: തോക്ക് വരുന്നത് കുടകില്‍ നിന്ന്, ഏജന്റ് പെരിങ്ങോം സ്വദേശി.

ചന്ദനവേട്ടക്കിടയില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പാണപ്പുഴയില്‍ നിന്നും കണ്ടെടുത്ത നാടന്‍തോക്ക് ഇന്ന് പോലീസിന് കൈമാറിയേക്കും.

ഇന്നലെ രാത്രി തന്നെ പോലീസ് പാണപ്പുഴയില്‍ എത്തിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി വനംവകുപ്പ് അധികൃതര്‍ തോക്ക് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.

പിടികൂടിയ ഒറ്റക്കുഴല്‍ തോക്ക് അഴിച്ച് കഷണങ്ങളാക്കിയ നിലയിലായിരുന്നു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ വ്യാപകമായി കാട്ടുപന്നിവേട്ട നടക്കുന്നതായ പരാതിയില്‍ വനംവകുപ്പ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ ചന്ദനം കടത്ത് പിടിക്കാനെത്തിയപ്പോള്‍ തോക്ക് കണ്ടെത്തിയത്.

കാട്ടുപന്നിയെ വെടിവെക്കാന്‍ പഞ്ചായത്ത് തലത്തില്‍ കമ്മറ്റി ഉണ്ടാക്കിയതിന്റെ മറവില്‍ വേട്ട നടത്തുകയും കിലോവിന് 400 രൂപ നിരക്കില്‍ മാംസം വില്‍പ്പന നടത്തുകയും ചെയ്യുന്നതായി ഡി.എഫ്.ഒക്ക് പരാതി ലഭിച്ചിരുന്നു.

കുടക് മേഖലയില്‍ നിന്നും എത്തുന്ന നാടന്‍തോക്ക് നായാട്ട് സംഘങ്ങള്‍ക്ക് എത്തിക്കുന്നത് പെരിങ്ങോം സ്വദേശിയായ ഒരാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

പോലീസ് ഇയാളെ പിടികൂടാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും നടന്നിട്ടില്ല. കുടകില്‍ നിന്നും മൂന്നും നാലുംപേരടങ്ങുന്ന സംഘം തോക്കിന്റെ ഭാഗങ്ങള്‍ അഴിച്ച് വെവ്വേറെ സഞ്ചികളിലാക്കിയാണ് കേരളത്തിലേക്ക് കടത്തുന്നതെന്നാണ് വിവരം.