വടിയുടെ ബലത്തില്‍ പോരാട്ടവീര്യവുമായി ഹരീന്ദ്രന്‍ സമരപ്പന്തലിലെത്തി-സേവനം 25 വര്‍ഷം–ആനുകൂല്യം പൂജ്യം–
-കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: നടക്കാന്‍ വടിയുടെ സഹായം വേണമെങ്കിലും അനുകൂല്യങ്ങള്‍ക്ക് വേണ്ടി പഴയ സഹപ്രവര്‍ത്തകര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കാളിയാവാന്‍ ഹരീന്ദ്രനും സമരപ്പന്തലിലെത്തി.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കിടയില്‍ അധികൃതരുടെ അവഗണനയുടെ ജീവിക്കുന്ന രക്തസാക്ഷിയായിമാറിയിരിക്കയാണ് കരിവെള്ളൂരിലെ കിഴക്കേവീട്ടില്‍ ഹരീന്ദ്രന്‍(59).
1995 ല്‍ മെഡിക്കല്‍ കോളേജിന്റെ ആരംഭകാലത്തുതന്നെ ഇദ്ദേഹം ജോലിക്ക് ചേര്‍ന്നിരുന്നു.
2018 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാണ് 2020 ആഗസ്ത് 31 ന് പാരാമെഡിക്കല്‍ വിഭാഗത്തിലെ അറ്റന്‍ഡര്‍ തസ്തികയില്‍ നിന്ന് വിരമിച്ചത്.
പക്ഷെ, പെന്‍ഷനോ മറ്റ് യാതൊരുവിധ റിട്ടയര്‍മെന്റ് ആനുകൂല്യവും ഇതേവരെയായി ലഭിച്ചില്ല.
അതിനിടയില്‍ 2017 ലുണ്ടായ ഒരു അപകടത്തില്‍ വീണ് പരിക്കേറ്റ് എല്ല് പൊട്ടിയതിനാല്‍ മംഗലാപുരത്ത് നടത്തിയ ചികില്‍സക്ക് 9 ലക്ഷത്തോളം രൂപയാണ് ചെലവായത്.
മൂത്രസംബന്ധമായ രോഗവും അലട്ടുന്ന ഹരീന്ദ്രന് തുടര്‍ച്ചയായ ചികില്‍സ വേണമെന്നാണ് ഡോകര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
വടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഹരീന്ദ്രന് അധികസമയം ഇരിക്കാനോ നില്‍ക്കാനോ സാധിക്കില്ല.
ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തിന് സഹകരണ മേഖലയിലായിരുന്നെങ്കില്‍ ഗ്രാറ്റ്വിറ്റി, ലീവ് സറണ്ടര്‍, ശമ്പള വര്‍ദ്ധനവ് എല്ലാം ലഭിക്കുമായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കാലത്തുപോലും രണ്ടു വര്‍ഷം ജോലി ചെയ്തിട്ടും ഒരു സാമ്പത്തിക സഹായവും ഇല്ലാതെ കഷ്ടപ്പെടുകയാണ് ഹരീന്ദ്രന്‍.
അങ്ങേയറ്റം ശാരീരിക അവശത നേരിടുന്ന തനിക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാണ് ഹരീന്ദ്രന്റെ അപേക്ഷ.
സമരപ്പന്തലിലെത്തിയ ഹരീന്ദ്രനെ ഉദ്ഘാടകനായ ഡി.സി.സി.പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഷാളണിയിച്ച് സ്വീകരിച്ചു.
സത്യാഗ്രഹ സമരത്തില്‍ മുഴുവന്‍സമയവും പങ്കെടുത്താണ് ഇദ്ദേഹം തിരിച്ചുപോയത്.