അണുവിമുക്തിവിഭാഗം ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് വികേന്ദ്രീകരിക്കണം-കെ.ജി.എച്ച്.എസ്.എസ്.ഇ.എ.
പരിയാരം: കേരളത്തിലെ ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് കൂടി അണുവിമുക്തവിഭാഗം വികേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്റെറൈല്‍ സര്‍വീസ് എംപ്ലോയ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.മല്ലേശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാരകമായ രോഗാണുക്കള്‍ വര്‍ദ്ധിച്ചുവരികയും നിപ്പ, കൊറോണ വൈറസുകള്‍ മാനവരാശിയെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അണുവിമുക്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകരുതെന്നും, ജില്ലാ-താലൂക്ക് ആശുപത്രികളിലും ശാസ്ത്രീയമായി അണുവിമുക്തി കൈകാര്യം ചെയ്യാനായി പരിശീലനം നേടിയവരെ നിയമിക്കണമെന്നും സംഘടനയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
കാലപ്പഴക്കമേറിയ അണുവിമുക്തി ഉപകരണങ്ങള്‍ പൂര്‍ണമായും മാറ്റി ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്നും ജനറല്‍ബോഡിയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സായ ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ടെക്‌നോളജി(ഡി.സി.എസ്.എസ്.ടി)പാസായ ഉദ്യോഗാര്‍ത്ഥികളെ അണുവിമുക്തവിഭാഗത്തില്‍ ജോലിക്ക് നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പട്ടു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് വി.മല്ലേശന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടെറി സി.ബിനു, ട്രഷറര്‍ വി.പ്രേമന്‍, സി.പ്രകാശ്, കെ.ജി.സുനില്‍കുമാര്‍, എന്‍.പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വി.മല്ലേശന്‍ പതാക ഉയര്‍ത്തി.
പുതിയ ഭാരവാഹികളായി വി.മല്ലേശന്‍-പ്രസിഡന്റ്, സി.ബിനു-സെക്രട്ടെറി, പി.വി.പ്രേമന്‍-ട്രഷറര്‍, എം.ശ്രീവിശാഖ്, സി.പ്രകാശ്(വൈസ് പ്രസിഡന്റ്),
എസ്.സുചിത്ര(ജോ.സെക്രട്ടെറി) എന്നിവരെ തെരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ പി.വി.പ്രേമന്‍, സി.പ്രകാശ് എന്നിവരും പങ്കെടുത്തു.