ചൂട്ടാട്ബീച്ച് സഞ്ചാരികളുടെ ചുടുകാട്
പഴയങ്ങാടി: അപകടങ്ങള്‍ തുടര്‍കഥയാവുന്ന പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഗാര്‍ഡിനെ നിയമിച്ചു. താല്‍ക്കാലികമായി അടച്ച പാര്‍ക്ക് എം.വിജിന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍വൈകുന്നേരം തുറന്നു.
കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കര്‍ണാടക മടക്കേരി സ്വദേശി ശശാങ്ക് ഗൗഡ(23)യുടെ മരണത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളില്ലാതെ പാര്‍ക്ക് തുറക്കാന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനെ തുടര്‍ന്നാണ് ഡി.ടി.പി.സി ചെയര്‍മാന്‍കൂടിയായ കളക്ടറുടെ നടപടി.
ശശാങ്കനോടൊപ്പം കടലില്‍ മുങ്ങിയ ചിന്തന്‍ ഗൗഡ(21) നെ നാട്ടുകാര്‍ രക്ഷപെടുത്തിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു കര്‍ണാടകയിലേക്ക് മടങ്ങുന്ന 20 അംഗ അയ്യപ്പഭക്തന്മാര്‍ ചൂട്ടാട് ബീച്ച് സന്ദര്‍ശിക്കാന്‍ എത്തുകയാരുന്നു.
സന്ദര്‍ശനത്തിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ശശാങ്ക് തിരയില്‍പെടുകയാരുന്നു.
ശശാങ്ക് തിരയില്‍ പെട്ടത് കണ്ട് രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ കൂടെയുണ്ടായിരുന്ന ചിന്തന്‍ ഗൗഡയും തിരയില്‍പെടുകയായിരുന്നു.
കൂടെയുള്ള മറ്റുള്ളവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി എത്തിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ച് മൊട്ടാമ്പ്രത്തുള്ള ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ വെച്ച് ശശാങ്ക് ഗൗഡ മരിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍ ആശുപത്രയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പഴയങ്ങാടി എസ്.ഐ വത്സരാജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഡിടിപിസിക്ക് കീഴിലുള്ള ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ ഒട്ടനവധി അപകടങ്ങള്‍ ഉണ്ടാവുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
പാര്‍ക്കിന്റെ ഭാഗത്തുള്ള കടല്‍ ഭാഗം ഏറെ അപകടം നിറഞ്ഞതാണ.് അടിയൊഴുക്ക് ഇവിടെ കൂടുതലാണ്.
ഇത് അറിയാതെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരാണ് അപകടത്തില്‍പെടുന്നത്.
പാര്‍ക്കില്‍ എത്തിയാല്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ ആരും തന്നെയില്ല. ലൈഫ് ഗാര്‍ഡിനെ വെക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാത്തതാണ് ഇവിടെ മരണങ്ങള്‍ ഉണ്ടാവാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ തവണ അപകടത്തില്‍പെട്ട് മരണം സംഭവിച്ചപ്പോള്‍ താത്കാലികമായി പത്ത് ദിവസം മാത്രമാണ് പയ്യാമ്പലത്ത് നിന്ന് ലൈഫ് ഗാര്‍ഡിനെ കൊണ്ടുവന്ന് നിര്‍ത്തിയത്.
സ്ഥിരമായി ലൈഫ് ഗാര്‍ഡിനെ നിയമിക്കാതെ ഇനി പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ഡ് പഞ്ചായത്ത് അംഗം സമദ് ചൂട്ടാട് പറഞ്ഞു.