തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വര്‍ധിക്കും. ലിറ്ററിന് നാലുരൂപയാണ് വര്‍ധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഇന്നു ചേരുന്ന ഫെഡറേഷന്‍ യോഗം കൂട്ടിയ വില പ്രഖ്യാപിക്കും.
പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശം മില്‍മ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്.
56 രൂപയുള്ള ഒരുലിറ്റര്‍ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച് നിലവില്‍ 45 മുതല്‍ 52 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.