ഹൗസ് സര്‍ജന്‍മാരുടെ സമരം ന്യായം; പ്രശ്‌നം പരിഹരിക്കാന്‍ ഗവ.ഇടപെടണം-ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബനവന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍മാരുടെ തികച്ചും ന്യായമായ പണിമുടക്കിന് അടിയന്തിര പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ)കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ജോസഫ് ബനവന്‍.

ഹൗസ് സര്‍ജന്‍മാരുടെ സമരത്തെ ഐ.എം.എ പൂര്‍ണമായി പിന്തുണക്കുണക്കുന്നുവെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ ഐ.എം.എയുടെ എല്ലാ സഹായങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോ. ജോസഫ് ബനവന്‍ ആരോഗ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 3 ദിവസമായി അനിശ്ചിതകാല സമരം തുടരുന്ന ഹൗസ് സര്‍ജന്‍മാരെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരന്‍, പരിയാരം ഐ.എം.എ പ്രസിഡന്റ് ഡോ.കെ.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരോടൊപ്പം ഇരുന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തശേഷമാണ് ഐ.എം.എ ഭാരവാഹികള്‍ തിരിച്ചുപോയത്.

ഡിസംബര്‍ 4 മുതല്‍ നടത്തിവരുന്ന സമരം ഇന്നേക്ക് നാലാം ദിവസത്തേക്ക് കടക്കുകയാണെങ്കിലും ഒത്തുതീര്‍പ്പിനുള്ള യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല.

ഡോ.നീരജ കൃഷ്ണന്‍, ഡോ.സൗരവ് സുരേഷ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

പണിമുടക്കി അഡ്മിനിസ്റ്റീവ് ബ്ലോക്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരമാണ് നടന്നു വരുന്നത്.

ഇവിടെ നിര്‍മ്മിച്ച സമരപ്പന്തല്‍ പൊളിച്ചു മാറ്റണം എന്ന് പ്രിന്‍സിപ്പല്‍ പന്തലില്‍ നോട്ടീസ് പതിച്ചിട്ടുണ്ടെങ്കിലും സമരം നടത്തുന്ന ഹൗസ് സര്‍ജന്‍മാര്‍ അതിന് തയ്യാറായിട്ടില്.

ല തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിനിടെ സമരം ആശുപത്രിയിലെ കാഷ്വാലിറ്റി-ഇന്‍ പേഷ്യന്റ് വിഭാഗങ്ങളെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.