അണുവിമുക്തി-പുസ്തകപ്രകാശനം ഇന്ന്-

പരിയാരം: അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി രചിച്ച കൈപ്പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടുതല്‍ ബോധവല്‍ക്കരിക്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗം മേധാവി മല്ലേശന്‍ വടിവേല്‍ രചിച്ച പുസ്തമാണ് ഇന്ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത പ്രകാശനം ചെയ്യുന്നത്.

പല ജീവനക്കാര്‍ക്കും അണുവിമുക്ത വിഭാഗത്തില്‍ നടക്കുന്ന പ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയ പഠനമോ പരിശീലനമോ ലഭിച്ചിട്ടില്ലാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

അണുവിമുക്ത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ ശരിയായ രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും, പഠനവും ലഭിച്ചിട്ടില്ല എന്ന കാര്യവും മനസ്സിലാക്കിക്കൊണ്ടാണ്, എങ്ങനെയാണ് അണുവിമുക്ത വിഭാഗത്തില്‍ ജോലി ചെയ്യേണ്ടത് എന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രൊസീജിയര്‍ ആന്റ് പ്രോട്ടോകോള്‍ എന്ന കൈപ്പുസ്തകം തയ്യാറാക്കിയതെന്ന് മല്ലേശന്‍ വടിവേല്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അധ്യക്ഷത വഹിക്കും.

ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ് പുസ്തകം ഏറ്റുവാങ്ങും.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബാ ദാമോദരന്‍, ആര്‍.എം.ഒ ഡോ.എസ്.എം.സരീന്‍, കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, എ ആര്‍ എം ഒ കെ.പി മനോജ്കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. മല്ലേശന്‍ വടിവേല്‍ നന്ദി പറയും.