മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു.
തളിപ്പറമ്പ്: മലയോരത്തിന്റെ മാധ്യമ സകലകലാവല്ലഭന്‍ തോമസ് അയ്യങ്കാനായിലിനെ കേരളാ ജേര്‍ണലിസ്റ്റഅസ് യൂണിയന്റെ ആദരം.
കെ.ജെ.യു 24-ാം വാര്‍ഷികാഘോഷത്തിന്റെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ദിനാഘോഷത്തിന്‍രെയും ഭാഗമായിട്ടാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തോമസ് അയ്യങ്കാനായിലിനെ ഷാളണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.
ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ്, കെ.രഞ്ജിത്ത്, പ്രിന്‍സ് തോമസ്, ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, പ്രകാശന്‍ പാപ്പിനിശേരി, ശ്രീകാന്ത് പാണപ്പുഴ
ദിനേശന്‍ മറവന്‍സ്, പവിത്രന്‍ കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി സാജു ജോസഫ് സ്വാഗതവും ട്രഷറര്‍ സി.പ്രകാശന്‍ നന്ദിയും പറഞ്ഞു.
പയ്യാവൂര്‍: മലയോര മേഖലയിലെ മാധ്യമരംഗത്തെ സകലകലാവല്ലഭനാണ് ഇന്ന് കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി ആദരിച്ച തോമസ് അയ്യങ്കാനാല്‍. വാര്‍ത്താശേഖരണം, പത്രവിതരണം, പരസ്യം തുടങ്ങി മാധ്യമരംഗത്തെ എല്ലാ കാര്യങ്ങളിലും ഒരുപോലെ ശോഭിക്കുന്ന വ്യക്തിത്വമാണ് തോമസ് അയ്യങ്കാനാല്‍. അയ്യങ്കാനാല്‍ കുടുംബത്തിന്റെ മാധ്യമ ചരിത്രം ഇങ്ങനെ:
മാധ്യമരംഗത്ത് നാല് തലമുറകള്‍ പിന്നിടുകയാണ് പയ്യാവൂരിലെ മാധ്യമപ്രവര്‍ത്തകന്‍ അയ്യങ്കാനാല്‍ തോമസിന്റെ കുടുംബം. മലയാള മനോരമ ദിനപ്പത്രം മലയോരങ്ങളിലെ കുടിയേറ്റ ഗ്രാമങ്ങളിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച അയ്യങ്കാനാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ തോമസ് ചേട്ടന് പത്ര വിതരണ രംഗത്ത് ഏഴര പതിറ്റാണ്ട് കാലത്തെ പാരമ്പര്യമാണുള്ളത്. നിലവില്‍ തോമസ് ചേട്ടന്റെ ഭാര്യയും മൂന്ന് മക്കളും ഒരു കൊച്ചുമകളുമടക്കം കുടുംബത്തിലെ എല്ലാവരും പയ്യാവൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മനോരമ ഏജന്റുമാരാണ്. എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പേരിയില്‍ കുടിയേറിയ പൊതുപ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അയ്യങ്കാനാല്‍ കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന ജോസഫ് അയ്യങ്കാനാല്‍ തോമസ് ചേട്ടന്റെ പിതൃസഹാേദരനും മാര്‍ഗദര്‍ശിയുമാണ്. അവിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞേട്ടന് പത്രം വായന നിര്‍ബന്ധമായിരുന്നു. പാലായില്‍ മനോരമ വരിക്കാരായിരുന്ന കുഞ്ഞേട്ടന്റെ കുടുംബം മലബാറില്‍ കുടിയേറി താമസമാരംഭിച്ച ചെമ്പേരി യില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള തളിപ്പറമ്പില്‍ മാത്രമാണ് അന്ന് പത്രം ലഭ്യമായിരുന്നത്. 1948 ല്‍ ഒരിക്കല്‍ കുഞ്ഞേട്ടന്‍ പാലായിലെത്തിയപ്പോള്‍ മലയാള മനോരമയുടെ കോട്ടയം ഓഫിസില്‍ പോയി അന്നത്തെ ഏജന്‍സി മാനേജര്‍ മാത്യൂസുമായി സംസാരിച്ച് ശ്രീകണ്ഠപുരം കേന്ദ്രമാക്കി ഒരു ഏജന്‍സി ആരംഭിച്ചു. അക്കാലത്ത് അവിടെ നിന്നും പത്രങ്ങള്‍ മടമ്പം, പയ്യാവൂര്‍, പൈസക്കരി, ചെമ്പേരി,പുലിക്കുരുമ്പ, കുടിയാന്മല എന്നിവിടങ്ങളിലേക്ക് വഴിയാത്രക്കാര്‍ മുഖേനയും വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കലും കൊടുത്തയച്ച് പ്രധാന ജംഗ്ഷനുകളിലെ കച്ചവട സ്ഥാപനങ്ങളില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. അന്ന് മലയോര പ്രദേശങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ജീപ്പുകളിലും പത്രങ്ങള്‍ കൊടുത്തു വിട്ടിരുന്നു. ഇതിനിടെ ഒരുദിവസം തോമസ് ചേട്ടന്റെ പാപ്പന്‍ (കുഞ്ഞേട്ടന്‍ ) മനോരമയുടെ തളിപ്പറമ്പിലെ സബ് ഏജന്റ് പി.എ. കുഞ്ഞിമൂസാനേയും കൂട്ടി വന്ന് അദ്ദേഹത്തിന്റെ ജ്യേഷ്ടനും വ്യാപരിയുമായിരുന്ന തോമസ് ചേട്ടന്റെ ചാച്ചനെ കാണുകയും ആറ് ആണ്‍മക്കളുള്ള കുടുംബമല്ലേ നിങ്ങളുടേത്, നിങ്ങള്‍ക്ക് പത്രവിതരണം എളുപ്പമാകും എന്ന് പറഞ്ഞ് ചാച്ചനെ കൊണ്ട് ഏജന്‍സി എടുപ്പിക്കുകയാണുണ്ടായത്. ആദ്യകാലത്ത് പയ്യാവൂരില്‍ ചാച്ചനും രണ്ടാമത്തെ ജേഷ്ഠന്‍ ജോസും ഏജന്റായി പ്രവര്‍ത്തിച്ചു. അന്ന് ശ്രീകണ്ഠപുരത്ത് നിന്നാണ് പത്രം എടുത്തു കൊണ്ടിരുന്നത്. മഴക്കാലത്ത് റോഡുകളില്‍ വെള്ളം കയറി യാത്ര തടസപ്പെടുമ്പോള്‍ ചേരന്‍കുന്നില്‍ പോയി തലച്ചുമടായി വേണം പത്രം കൊണ്ടുവരാന്‍. തോമസ് ചേട്ടന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പത്രവിതരണം തുടങ്ങിയിരുന്നു. ഇപ്പോഴും പയ്യാവൂര്‍ ടൗണ്‍ ഏജന്റായി തുടരുന്നു. വിവാഹിതനായ ശേഷം ഭാര്യ ഏലിയാമ്മ തോമസിന്റെ പേരില്‍ പൈസക്കരിയില്‍ ഏജന്‍സി തുടങ്ങി. മൂന്ന് മക്കളില്‍ പ്രിന്‍സ് ചന്ദനക്കാംപാറയിലും, പ്രദീഷ് കാഞ്ഞിരക്കൊല്ലിയിലും പ്രസ്റ്റിന്‍ മുത്താറിക്കുളത്തും ഏജന്റുമാരാണ്. അവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രം വിതരണം ചെയ്യുന്നു. കൂടാതെ മൂത്ത മകന്റെ മകള്‍ ഏയ്ഞ്ചല്‍ പ്രിന്‍സും മനോരമയുടെ വണ്ണായിക്കടവ് ഏജന്റാണ്. മൂത്ത ജേഷ്ഠന്‍ ജോസഫ് പയ്യാവൂര്‍ ഏജന്റാണ്. മൂത്ത മകന്‍ പ്രിന്‍സ് പത്ര വിതരണത്തോടൊപ്പം വിവിധ ബിസിനസ് മേഖലകളിലും സജീവമാണ്. രണ്ടാമത്തെ മകന്‍ പത്രവിതരണത്തിനൊപ്പം സ്വന്തമായി ടാക്‌സി സര്‍വീസും നടത്തുന്നുണ്ട്. പത്രവിതരണത്തിന് നേതൃത്വം നല്‍കിവരുന്ന മൂന്നാമത്തെ മകന്‍ പൈസക്കരി സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപകനുമാണ്. ആദ്യകാലങ്ങളില്‍ തലച്ചുമടായും സൈക്കിളിലും പത്രവിതരണം നടത്തിയപ്പോള്‍ മലയോരത്തെ പ്രധാന ജംഗ്ഷനുകളിലെ കടകളില്‍ വരിക്കാരുടെ പേരെഴുതിയാണ് പത്രങ്ങള്‍ എത്തിച്ചിരുന്നത്. വരിക്കാരുടെ കുടുംബാംഗളിലാരെങ്കിലും കടയിലെത്തി പേര് നോക്കി പത്രമെടുത്ത് വീട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു. പിന്നീട് കാലത്തിനൊത്ത മാറ്റം പത്ര വിതരണത്തിലുമുണ്ടായി. ബൈക്ക്, ഒട്ടാേറിക്ഷ, കാര്‍ തുടങ്ങിയവയില്‍ വരിക്കാരുടെ വീട്ടുമുറ്റങ്ങളിലെത്തിച്ചാണ് ഇപ്പോള്‍ പത്രങ്ങള്‍ നല്‍കുന്നത്. അത് പോലെ തന്നെ വരിസംഖ്യ പിരിവിലും ആധുനിക സാങ്കേതിക വിദ്യ പ്രായോഗികമാക്കിയിട്ടുണ്ട് തോമസ് ചേട്ടന്‍. മുന്‍ കാലങ്ങളില്‍ ഓരോ മാസവും വരിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി റെസീറ്റ് എഴുതി നല്‍കിയാണ് വരിസംഖ്യ സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡിജിറ്റല്‍ പണമിടപാട് മുഖേനയാണ് ഓരോ വരിക്കാരുടേയും വരിസംഖ്യ യഥാസമയം തോമസ് ചേട്ടന്റെ അക്കൗണ്ടിലേക്കെത്തുന്നത്.കഴിഞ്ഞ അഞ്ചുവര്‍ഷമായി പൂര്‍ണമായും ഡിജിറ്റല്‍ പെയ്‌മെന്റ് രീതിയിലാണ് പണമിടപാടുകള്‍ നടത്തുന്നത്. ഇതിനായി ‘ബിക്‌സ് ന്യൂസ്‌പേപ്പര്‍’ എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ഇതുവഴി വരിക്കാര്‍ക്ക് എളുപ്പത്തില്‍ വരിസംഖ്യ അറിയാനും എല്ലാ മാസവും കൃത്യമായി ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനും സാധിക്കുന്നു. വരിക്കാര്‍ക്ക് വേണ്ടി പ്രത്യേക ആപ്ലിക്കേഷന്‍ സൗകര്യവും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. പണം സ്വീകരിച്ച് ഉടനെ അവര്‍ക്ക് വാട്‌സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ വരിസംഖ്യ അടച്ചതിന്റെ റെസീറ്റും ലഭ്യമാക്കും. ഇതിനാല്‍ പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും സാധിച്ചിട്ടുണ്ട്.