ആസൂത്രിത നീക്കത്തിലൂടെ പിന്‍വാതില്‍ നിയമനം ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചു.

കണ്ണൂര്‍: ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി.

പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി ജനുവരി 9 ന് ലഭിച്ച അറിയിപ്പ് പ്രകാരം ഇന്നലെ കണ്ണൂര്‍ ഗവ.ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് എത്തിയവരാണ് വഞ്ചിക്കപ്പെട്ടത്.

ഇത്തരത്തില്‍ഒരു തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നില്ലെന്ന വിവരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

എറണാകുളം ജില്ലയില്‍ നിന്നു പോലും ഫിസിയോതെറാപ്പിസ്റ്റുകള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ജനുവരി 15 ന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി ഓഫീസില്‍ എത്തിച്ചേരണനെന്നും 10.30 ന് മുമ്പായി മേല്‍വിലാസം, വയസ്, വിദ്യാഭ്യാസയോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന വിവരങ്ങള്‍ നല്‍കാനുള്ള ഫോറം വാങ്ങണമെന്നും അറിയിപ്പില്‍ ഉണ്ടായിരുന്നു.

പി.ആര്‍.ഡി അറിയിപ്പില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോല്‍ നമ്പര്‍ നിലവിലില്ല എന്നാണ് അറിയിപ്പ് ലഭിച്ചത്.

പരിശോധിച്ചപ്പോള്‍ 0492706666 എന്ന് നമ്പര്‍ തെറ്റായി നല്‍കിയതാണെന്ന് വ്യക്തമായി, ഈ നമ്പര്‍ 0497 2706666 എന്ന് ശരിയായ നമ്പറില്‍ വിളിച്ചപ്പോല്‍ കണ്ണൂര്‍ താണയിലെ ജില്ലാ ഗവ.ആയുര്‍വേദ ആശുപത്രിയുടേതാണെന്ന് തെളിഞ്ഞു.

പി.ആര്‍.ഡി മുഖേന പത്രക്കുറിപ്പ് നല്‍കുകയും അതില്‍ ഫോണ്‍ നമ്പര്‍ തെറ്റായി നല്‍കി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് പിന്‍വാതില്‍ നിയമനം നടത്തിയതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

\ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ഇന്നലെ ഇന്റര്‍വ്യൂ നടത്തി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിച്ചിട്ടുണ്ടോ  എന്ന്‌
ഇന്നലെ ജില്ലാ ആശുപത്രിയില്‍ ഇന്റര്‍വ്യൂവിനെത്തിയവര്‍ അന്വേഷിച്ചുവരികയാണ്.

ആയുര്‍വേദ ആശുപത്രിയാണെന്ന് വ്യക്തമാക്കാതെ പാര്‍ശ്വവര്‍ത്തികളെ തിരുകിക്കയറ്റാന്‍ ആരോ മന:പ്പൂര്‍വ്വം ഫിസിയോതെറാപ്പിസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന സംശയം ബലപ്പെടുകയാണ്.

ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.