ഹൈക്കോടതിയുടെ അനുമതി അവഗണിച്ചു- ടി ടി കെ ദേവസ്വം ഭരണസ്തംഭനത്തിലേക്കെന്ന് ഐ.എന്‍.ടി.യു.സി.
തളിപ്പറമ്പ് : ടി ടി കെ ദേവസ്വത്തിലെ ഭരണ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാന്‍ ഉതകും വിധമുള്ള നടപടിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുവാദ ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കാതെ വന്നതിനെ തുടര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണനിര്‍വ്വഹണം അവതാളത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി) തളിപ്പറമ്പ മേഖലാ കമ്മറ്റി ആരോപിച്ചു.
ടി ടി കെ ദേവസ്വത്തിലെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മലബാര്‍ ദേവസ്വം ബോഡ് കമ്മീഷണര്‍ക്ക് സെക്ഷന്‍ 20 പ്രകാരം ടി ടി കെ ദേവസ്വത്തില്‍ എക്‌സി: ഓഫീസറെ നിയോഗിക്കുന്നതിനുള്ള അനുവാദം 21-02-2024 ന് ഹൈക്കോടതി നല്‍കിയെങ്കിലും അത് പ്രകാരം മലബാര്‍ ദേവസ്വം ബോഡില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ എക്‌സി: ഓഫീസറായി നിയമിക്കാന്‍ കമ്മീഷണര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ടി ടി കെ ദേവസ്വം ക്ഷേത്ര ഭരണം പ്രതിസന്ധിയിലായിട്ടുള്ളതെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.
ക്ഷേത്രം ജീവനക്കാരനും സജീവ സി പി എം പ്രവര്‍ത്തകനുമായ മുല്ലപ്പള്ളി നാരായണന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതല നല്‍കാനുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഹൈക്കോടതിയുടെ അനുമതി ഉത്തരവ് കമ്മീഷണര്‍ നിരാകരിച്ചിട്ടുള്ളത്.
നിലവില്‍ ഉണ്ടായിരുന്ന എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.പി.ബലദേവനെ മാറ്റി മുല്ലപ്പള്ളി നാരായണന് ചുമതല നല്‍കാനുള്ള തീരുമാനം നിലവിലുള്ള ഹൈക്കോടതി ഉത്തരവിന്റെ ലംഘനമായതിനാല്‍ അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ബേങ്കുകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിന് പോലും സാധിക്കാത്ത അവസ്ഥ വന്നിരിക്കയാണ്.
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശബളം നല്‍കേണ്ടതിന് മൂന്ന് ദിവസം മുമ്പേ ബേങ്കില്‍ അഡ്വാന്‍സ് ചെക്ക് നല്‍കി തുക വകയിരുത്തുകയും എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശബളം അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യേണ്ടത് .
എന്നാല്‍ ആ നടപടികളൊന്നും തന്നെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഏത് തീയതിക്ക് നല്‍കാന്‍ കഴിയും എന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് പറയാന്‍ കഴിയുന്നില്ല .
മാര്‍ച്ച് 6 ന് തൃച്ചംമ്പരം ക്ഷേതോല്‍സവവും മാര്‍ച്ച് 8 ന് ശിവരാത്രി മഹോല്‍സവും അടക്കം പ്രതിസന്ധിയിലാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഉള്ളത്.
ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശബളമടക്കം മുടങ്ങുന്ന അവസ്ഥയില്‍ ദേവസ്വത്തില്‍ ഭരണ പ്രതിസന്ധി രൂക്ഷമായിട്ടും അത് പരിഹരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ള സെക്ഷന്‍ 20 പ്രകാരം ടി ടി കെ ദേവസ്വത്തിലേക്ക് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കാന്‍ തയ്യാറാകാത്ത മലബാര്‍ ദേവസ്വം ബോഡ് കമ്മീഷണറുടെ നിലപാട് ക്ഷേത്ര താത്പര്യങ്ങള്‍ക്ക് വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും ഇതിനെതിരെ തിങ്കളാഴ്ച ദേവസ്വം ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി) തീരുമാനിച്ചു .
യോഗത്തില്‍ പി.വി.നാണു അധ്യക്ഷത വഹിച്ചു. ഇ.അശോകന്‍, സി. നാരായണന്‍, കെ.വി.വീരമണി നമ്പീശന്‍, ഇ.എ.ശങ്കരനാരായണന്‍, സി രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു.