പത്രവായനയുടെ ജാഫര്‍ പുരാണം 35-ാം വര്‍ഷത്തിലേക്ക്

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: കഴിഞ്ഞ 35 വര്‍ഷമായി തളിപ്പറമ്പുകാര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് റോഡരികിലെ ജാഫറിന്റെ പത്രവായന.

രാവിലെ അഞ്ചോടെ തളിപ്പറമ്പിലെ ന്യൂസ് കോര്‍ണര്‍ പരിസരത്ത് എത്തുന്ന ജാഫര്‍ നടപ്പാതയിലോ റോഡരികിലോ വെച്ചാണ് പത്രപാരായണം ആരംഭിക്കുക.

ഒന്‍പതാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയെങ്കിലും വായന കപ്പാലം സ്വദേശിയായ ചുള്ളിയോടന്‍ ജാഫറിന് അന്നും ഇന്നും ഹരമാണ്.

1989 കാലത്ത് സ്ഥിരമായി ന്യൂസ് കോര്‍ണറിലെത്തി പത്രം വാങ്ങാന്‍ പണമില്ലാതെ താല്‍പര്യപൂര്‍വ്വം നോക്കി നിന്ന ജാഫറിന്റെ വായനയോടുള്ള താല്‍പര്യം കണ്ടാണ് ന്യൂസ് കോര്‍ണര്‍ ഉടമ കെ.സി.മമ്മു പത്രം സൗജന്യമായി വായിക്കാന്‍ അനുവദിച്ചത്.

ഇന്നും അത് തുടരുകയാണ്. ക്രിക്കറ്റ്, ഫുട്‌ബോള്‍, സംഗീതം എന്നിവയിലെല്ലാം താല്‍പര്യമുള്ള ജാഫറിന്റെ പൊതു വിജ്ഞാനം അളക്കാനാവുന്നതിലും വളരെയധികമാണ്.

രണ്ട് ഇംഗ്ലീഷ് പത്രങ്ങള്‍ 8 പത്രങ്ങളും സുദിനം ഉള്‍പ്പെടെ 3 സായാഹ്ന പത്രങ്ങളും വായിക്കുന്ന ജാഫര്‍ വായിച്ചത് മറക്കുന്ന സ്വഭാവക്കാരനല്ല.

കൃത്യം കൃത്യമായ വിവരങ്ങള്‍ പറയുന്ന ഇദ്ദേഹം വായന കുറയുന്നു എന്ന് വിലപിക്കുന്നവരുടെ മുന്നില്‍ ഒരു ഒറ്റമരക്കാടായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുകയാണ്.

എങ്ങിനെയാണ് മണിക്കൂറുകളോളം നിന്ന നില്‍പ്പില്‍ നിന്ന് പത്രം വായിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് പത്രവായന തുടങ്ങിയാല്‍ എല്ലാം മറക്കുന്ന ഒരു ലോകത്തിലാണെന്നും ഏത് വാര്‍ത്തയും ഒരു സിനിമ പോലെ തനിക്ക് വായനയിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്നും 48 കാരനായ ജാഫര്‍ പറയുന്നു.

വര്‍ത്തമാനകാല സംഭവങ്ങളില്‍ ന്യൂസ് കോര്‍ണര്‍ പരിസരത്ത് എത്തുന്നവരുമായി സംവദിക്കാനും ജാഫര്‍ മുന്‍പന്തിയിലാണ്.

ജാഫറിന്റെ വായന വെറും പത്രങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല, കുട്ടികകളുടെ വൈാരിക മുതല്‍ എല്ലാ പ്രസിദ്ധീകരണങ്ങളും ജാഫറിന്റെ വായന കയറിയിറങ്ങും.