ജാനു ഏട്ടി തിരക്കിലല്ല, കാത്തിരിപ്പിലാണ്-വരും ആരെങ്കിലും വരാതിരിക്കില്ല.
ധനഞ്ജയന്‍ പയ്യന്നൂര്‍.
പയ്യന്നൂര്‍: പുതിയ ഫാഷന്‍ലോകത്ത് ഓണ്‍ലൈന്‍ കച്ചവടം തകര്‍ക്കുമ്പോഴും ജാനകിയമ്മ കാത്തിരിപ്പിലാണ്, വരും,ആരെങ്കിലും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ.

കുപ്പിവളകള്‍ക്ക് പഴയ ഡിമാന്റില്ലെങ്കിലും ജാനകിയമ്മ ബിസിയാണ്.
വയസ് എണ്‍പത്തിമൂന്നായെങ്കിലും ആകാവുന്നിടത്തോളം സ്വന്തം കാലില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ള ജാനകിയമ്മ കര്‍മ്മനിരതയായി തുടരുന്നു.
വിവിധ തരം വളകള്‍, കണ്‍മഷി തുടങ്ങിയ സാധനങ്ങള്‍ കൂട്ടയില്‍ തലച്ചുമടായി കൊണ്ടു നടന്ന് വില്‍പന നടത്തുന്ന അന്നൂരിലെ വി.എം.ജാനകിഅമ്മ ഈ രംഗത്ത് അരനൂറ്റാണ്ട്പിന്നിട്ടിരിക്കയാണ്.
വള വില്‍പന തുടങ്ങിയ ആദ്യകാലങ്ങളില്‍ വീടുകളില്‍ ചെന്നായിരുന്നു വില്‍പന.
മുമ്പൊക്കെ പൂരോല്‍സവകാലത്ത് പൂരക്കുഞ്ഞുങ്ങള്‍ക്ക് കൈനിറയെ വളകളിടാന്‍ ജാനകിയമ്മയുടെ വരവും നോക്കിയിരിക്കുന്ന വീട്ടുകാരേറെയുണ്ടായിരുന്നു.
പ്രായം കൂടിവരാന്‍ തുടങ്ങിയതോടെ വീടുകള്‍ കയറിയിറങ്ങിയുള്ള വില്‍പന നിര്‍ത്തേണ്ടിവന്നു.
പിന്നീട് ഇവര്‍ ഉല്‍സവ സ്ഥലങ്ങളിലെ നിറസാന്നിധ്യമായി മാറി.
അല്ലാത്ത സമയങ്ങളില്‍ പയ്യന്നൂര്‍ ടൗണില്‍ റോഡരികിലിരുന്ന് കച്ചവടം നടത്തും.
നാടും നാട്ടാരും ഏറെ പുരോഗമിച്ചുവെങ്കിലും ജാനകിയമ്മയുടെ കുപ്പിവളകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്.
മൂന്നു പെണ്‍മക്കളടക്കം നാലു മക്കളുള്ള ഇവര്‍ക്ക് ജീവിത പ്രയാസങ്ങളൊന്നുമില്ലെങ്കിലും തനിക്ക് പറ്റാവുന്നിടത്തോളം കാലം ഈ തൊഴില്‍ ഉപേക്ഷിക്കില്ലെന്ന് ജാനകിയമ്മ പറയുന്നു.
ഒരു മകളാണ് മംഗലാപുരത്തുനിന്ന് വളകള്‍ എത്തിച്ചു തരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഭര്‍ത്താവ് കുഞ്ഞിരാമന്‍ പന്ത്രണ്ട് വര്‍ഷം മുമ്പേ മരണപ്പെട്ടിരുന്നു.
