ജ്വല്ലറി മോഷണം-ആനന്ദിയും കനിമൊഴിയും അറസ്റ്റില്‍.
തളിപ്പറമ്പ്: അറ്റ്ലസ് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു.
ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38) ആനന്ദി (40) എന്നിവരെയാണ് ഇന്നലെ കൊയിലാണ്ടിയില്‍ വെച്ച് പിടികൂടിയത്.
ബുധനാഴ്ച്ച വൈകുന്നേരം തളിപ്പറമ്പ് ഹൈവേയിലെ അറ്റ്ലസ് ജ്വല്ലറിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട ഇവരെ കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ നിന്നാണ് പിടികൂടിയത്.
ജ്വല്ലറി ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ കണ്ട സംശയത്തിന്റെ പേരില്‍ ജ്വല്ലറി ഉടമയുടെ മകന് ഇവരെ തിരിച്ചറിയുകയായിരുന്നു.
അവരെ കടയില്‍ തടഞ്ഞുവെച്ച് പോലീസിലറിയിക്കാനുള്ള ശ്രമത്തിനിടയില്‍ സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഓടി രക്ഷപ്പെട്ടിരുന്നു.
പിങ്ക് പോലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തളിപ്പറമ്പില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവര്‍ക്ക് പിന്നില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെയുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊയിലാണ്ടിയില്‍ ഓടിരക്ഷപ്പെട്ട സ്ത്രീ തളിപ്പറമ്പിലും മോഷണം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നു.
ഇവര്‍ ആദ്യം ജ്വല്ലറിയിലെത്തി അന്തരീക്ഷം അനുയോജ്യമാണെന്ന് മൊബൈലില്‍ വിവരം നല്കിയ ശേഷമാണ് മോഷ്ടാക്കള്‍ എത്തുക.
രാത്രിയില്‍ ലോറിയില്‍ സഞ്ചരിച്ച് സ്ഥലങ്ങള്‍ മനസിലാക്കുന്ന ഇവര്‍ വൈകുന്നേരങ്ങളിലാണ് ജ്വല്ലറി കവര്ച്ചക്കെത്തുന്നതെന്നാണ് വിവരം.
കര്‍ണാടകയിലും ആന്ധ്രയിലും സമാനമായ രീതിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.