തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി: ഇടത് അനുകൂല താല്‍ക്കാലിക മുത്തലല്ലിയെ നിയമിച്ചു- ലീഗിന് കനത്ത തിരിച്ചടി.
തളിപ്പറമ്പ്: ഒടുവില്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി ഭരണം ഇടത് അനുകൂല താല്‍ക്കാലിക മുത്തവല്ലിയുടെ കൈകളില്‍.
ഇന്ന് രാവിലെ 11 ന് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡിന്റെ കണ്ണൂരില്‍ നടന്ന ജുഡീഷ്യല്‍ കമ്മറ്റിയുടെ സിറ്റിംഗിലാണ് തീരുമാനം.
വഖഫ് ബോര്‍ഡിനെതിരെ ഹൈക്കോടതി നടപടി ഉണ്ടാകുമെന്നതിനാലാണ് അടിയന്തിര സിറ്റിംഗ് നടന്നത്.
താല്‍ക്കാലിക മുത്തവല്ലിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവും വഖഫ് സ്വത്ത് സംരക്ഷണ സമിതി ചെയര്‍മാനുമായ സി.അബ്ദുള്‍കരീം ഒരുവര്‍ഷം മുമ്പ് വഖഫ്
ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു.
വഖഫ് സ്വത്ത് സംരക്ഷണസമിതിക്ക് വേണ്ടി സി.അബ്ദുല്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍ എന്നിവര്‍ വര്‍ഷങ്ങളായി നീതിക്ക് വേണ്ടുയുള്ള പോരാട്ടത്തിലാണ്.
ഹിയറിംഗ് നടത്തിയെങ്കിലും ഒരു ഉത്തരവും ഇതുവരെ ബോര്‍ഡ് ഇറക്കിയില്ല.
ഇതേ തുടര്‍ന്ന് അഡ്വ പി.മുനാസ് മുഖേന അബ്ദുല്‍കരീം ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം 19-നകം ഈ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയെങ്കിലും അതും പരിഗണിക്കാന്‍ വഖഫ് ബോര്‍ഡ് തയ്യാറായില്ല.
ഇതേ തുടര്‍ന്ന് വഖഫ് ബോര്‍ഡിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അബ്ദുള്‍കരീം ഹൈക്കോടതിയെ സമീപിച്ചു.
ഈ ഹരജി ഡിസംബര്‍ ഏഴിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ബോര്‍ഡിന്റെ സിറ്റിംഗ് കണ്ണൂരില്‍ ചേര്‍ന്നത്.
നിലവിലുള്ള കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക മുത്തവല്ലിയെ നിയമിക്കാനാണ് തീരുമാനം.
കരിവെള്ളൂര്‍ സ്വദേശിയാണ് താല്‍ക്കാലിക മുത്തവല്ലിയായി നിയമിക്കപ്പെട്ട ഷംസുദ്ദീന്‍.
വഖഫ് ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍റഹീം, അഡ്വ.പി.വി.സൈനുദ്ദീന്‍, അഡ്വ.ഷറഫുദ്ദീന്‍, കെ.ഉബൈദുള്ള എം.എല്‍.എ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
നൂറ് കണക്കിന് ഭൂവുടമകള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ച് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിരിക്കെ സി.പി.എം അനുകൂല താല്‍ക്കാലിക മുത്തവല്ലിയുടെ കീഴില്‍ ട്രസ്റ്റ് ഭരണം വരാന്‍ പോകുന്നത് മുസ്ലിംലീന് കനത്ത വെല്ലുവിളിയാണ്.