ഓര്‍മ്മിക്കുക ഇന്ന്(തിങ്കള്‍) വ്യാഴത്തെ നമുക്ക് ഏറ്റവുമടുത്ത് കാണാം

തളിപ്പറമ്പ്: സപ്തംബര്‍ മാസം ഓണക്കാലമാണ്. മണ്ണിലും വിണ്ണിലും ഓണമാണ്.

അത്തം മുതല്‍ തിരുവോണം വരെ പത്തു നക്ഷത്രങ്ങളെയും ആകാശത്ത് കാണാം.

കൂടാതെ നമ്മുടെ ക്ഷീരപഥവും വ്യക്തമായി കാണാം. മഴ മാറി. മഴക്കാറും നീങ്ങി. കുറച്ചു ദിവസങ്ങളായി ആകാശം തെളിഞ്ഞിരിക്കുന്നു.

അവിടെ മിഴിവുറ്റ ഒരുപാട് നക്ഷത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ആകാശം തെളിഞ്ഞിരിക്കുന്നതുകൊണ്ട് നക്ഷത്രങ്ങള്‍ക്ക് തിളക്കവും കൂടും.

സപ്തംബറിലെ ആകാശം ഇതൊക്കെയാണെങ്കിലും ഈ സപ്തംബറിന് ഒരപൂര്‍വ്വത കൂടിയുണ്ടെന്ന് അമേച്വര്‍ വാനനിരീക്ഷകനും പാനൂര്‍ പോലീസ് കണ്‍ട്രോള്‍റൂം സബ് ഇന്‍സ്‌പെക്ടറുമായ യു.അജിത്കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ കിഴക്കന്‍ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ട് ഒരു നക്ഷത്രം ഉദിച്ചുവരുന്നതു കാണാം.

ഇത് യഥാര്‍ത്ഥത്തില്‍ നക്ഷത്രമല്ല. ഗ്രഹങ്ങളില്‍ ഭീമനായ വ്യാഴമാണ്. ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് വ്യാഴം.

സൗരയൂഥത്തില്‍ ഗ്രഹങ്ങളില്‍ അഞ്ചാമന്‍, വലുപ്പത്തില്‍ ഒന്നാമന്‍. ഇനി കുറച്ചു കാലത്തേക്ക് നമുക്ക് വ്യാഴത്തെ എന്നും കാണാം.

റോമാക്കാര്‍ ‘ ജൂപ്പിറ്റര്‍ ‘ എന്നും ഭാരതിയര്‍ ‘ ഗുരു ‘ എന്നും വിളിക്കുന്നു. ഈ സപ്തംബറിലെ വ്യാഴത്തിന് ഒരു പ്രത്യകത കൂടിയുണ്ട്.

26  തിങ്കളാഴ്ച്ച വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിലെത്തുകയാണ്.

വ്യാഴവും ഭൂമിയും സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ ചില അവസരങ്ങളില്‍ ഇവ രണ്ടും പതിവിലും അടുത്തു വരും.

അടുക്കുമ്പോള്‍ 58 കോടി കിലോമീറ്റും അകലുമ്പോള്‍ 97 കോടി കിലോമീറ്ററുമായിരിക്കും ഇവ തമ്മിലുള്ള ദൂരം.

ഇപ്പോള്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും അടുത്ത ദൂരത്തിലെത്തുകയാണ്.

അതുകൊണ്ടു തന്നെ നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണയേ ഇങ്ങനെ സംഭവിക്കുകയുള്ളൂ.

26ാം തിയ്യതി സൂര്യനും വ്യാഴവും ഭൂമിയുടെ എതിര്‍ ദിശകളിലായിരിക്കും.

വ്യാഴത്തെ പതിവിലും മിഴിവോടെ കാണാം. കിഴക്കന്‍ ആകാശത്ത് ഏറ്റവും തിളക്കത്തില്‍ കാണുന്ന വസ്തു, സംശയിക്കേണ്ട അത് വ്യാഴം തന്നെ.

വ്യാഴം ഒരു വര്‍ഷം ഒരു രാശിയില്‍ എന്ന തോതില്‍ 12 വര്‍ഷം കൊണ്ട് 12 രാശികളിലൂടെ സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്നു.

ഇതിനെ ഒരു വ്യാഴവട്ടം എന്നു പറയുന്നു. (ശരിക്കും പറഞ്ഞാല്‍ 11.86 ഭൗമവര്‍ഷം).