കല്ലിങ്കീല്‍ പത്മനാഭനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ഡി.സി.സി, ബദല്‍ സാധ്യതകള്‍ തേടി കല്ലിങ്കീല്‍.

തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ സി.പി.എമ്മില്‍ ചേരാന്‍ സാധ്യത. കല്ലിങ്കീലിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഭാരവാഹികളുമായി ഡി.സി.സി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനപ്രകാരം കല്ലിങ്കീലിനെ തിരിച്ചെടുക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതായാണ് വിവരം. നിസാരമായ പ്രശ്‌നത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി പുറത്താണെങ്കിലും പാര്‍ട്ടിക്കെതിരെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയോ മറ്റ് പാര്‍ട്ടിയില്‍ ചേരുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഗുരുതരമായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെടുത്ത മമ്പറം ദിവാകരനേയും പ്രദീപ് വട്ടിപ്രത്തെയും പോലുള്ള പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടും കല്ലിങ്കീലിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമായി അടുത്ത സൗഹൃദത്തിലാണെങ്കിലും ഇതേവരെ കോണ്‍ഗ്രസ് വിട്ടുപോകാന്‍ കല്ലിങ്കീല്‍ തയ്യാറായിട്ടില്ല. കടുത്ത അവഗണന സഹിക്കാവുന്നതിലുമപ്പുറമാണെന്നും  കല്ലിങ്കീല്‍ പറഞ്ഞു. തളിപ്പറമ്പില്‍ മണ്ഡലം വിഭജനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നത്തിന്റെ ഭാഗമായായി ബ്ലോക്ക്-മണ്ഡലം ബുത്ത് തലങ്ങളിലുള്ള 25 ഓളം ഭാരവാഹികള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്യുകയാണ്, ഈ സാഹചര്യത്തില്‍ തളിപ്പറമ്പില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കല്ലിങ്കീല്‍ പാര്‍ട്ടി വിടുന്നത് വലിയ പ്രത്യാഘാതം സഷ്ടിച്ചേക്കും.

പ്രശ്‌നം രമ്യമായി പരിഹരിക്കാത്തത് കാരണം പല ബൂത്തുകളിലും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടുചേര്‍ക്കല്‍ പ്രക്രിയ ശരിയായ രീതിയില്‍ നടന്നിട്ടില്ല. പാര്‍ട്ടിയുടെ തളിപ്പറമ്പിലെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര് തുടങ്ങിയവര്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്നത് പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്നാണ്് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അടിത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായ പ്രദേശങ്ങളിലെ ഭൂരിഭാഗം നേതാക്കന്മാരും പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് വരുന്ന തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷമായി ബാധിക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും തെരെഞ്ഞെടുപ്പ് അടുത്തിട്ടും പ്രശ്‌നത്തില്‍ ഡി.സി.സി വേണ്ട രീതിയില്‍ ഇടപെടാത്തത് തളിപ്പറമ്പിലെ ചില നേതാക്കമാരുടെ ഇടപെടല്‍ മൂലമാണെന്നും തളിപ്പറമ്പിലെ പാര്‍ട്ടി മുഖങ്ങളായ മുതിര്‍ന്ന നേതാക്കന്മാര്‍ സജീവമായാല്‍ അത് തങ്ങള്‍ അടക്കി വെച്ച അധികാരത്തിന് വിള്ളല്‍ ഉണ്ടാവുമെന്ന ഭയമാണ് ഈ പ്രശ്‌നം പരിഹരിക്കാതിരിക്കുന്നതിന് കാരണമെന്നും വിമര്‍ശനമുണ്ട്. പ്രശ്‌ന പരിഹാരത്തിന് മൂന്ന് അംഗങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും അവര്‍ക്കും പ്രശ്‌നം പരിഹരിക്കുവാന്‍ താല്പര്യമില്ലായിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നം യു.ഡി.എഫ് തലത്തിലേക്കും വ്യാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസം യു.ഡി.എഫ് ബൂത്ത് കമ്മിറ്റികള്‍ക്ക് നോട്ടീസുകളും തെരെഞ്ഞെടുപ്പ് സാമഗ്രികളും നല്‍കുവാന്‍ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും ഒരു ബൂത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സാധനങ്ങള്‍ സ്വീകരിക്കാത്തെ മടങ്ങി പോയിരുന്നു. അവരുടെ ബൂത്തുകളിലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഹകരിക്കാത്തതാണ് ബുത്തിലെ ലീഗ് നേതാക്കന്മാരെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിലെ പ്രശ്‌നം തീര്‍ന്നിട്ടുമതി ഇലക്ഷന്‍ പ്രചരണം എന്നാണ് അവരുടെ വാദം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു ഒറ്റകെട്ടായി പ്രവര്‍ത്തിച്ചില്ല എങ്കില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫി ന്റെ വിജയസാധ്യതയെ അത് ബാധിക്കുമെന്ന് ഭൂരിഭാഗം പ്രവര്‍ത്തകരും അഭിപ്രായ പെടുന്നു. രണ്ട് മണ്ഡലം ഉണ്ടായിരുന്നപ്പോള്‍ വ്യത്യസ്തമായി നടത്തിയ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ പകുതി പ്രവര്‍ത്തകര്‍ പോലും മണ്ഡലം ഒന്നാക്കിയതിനു ശേഷം പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നും മണ്ഡലം പ്രസിഡണ്ട് തന്നെ പല പരിപാടികളിലും പങ്കെടുക്കുന്നില്ല എന്നുമാണ് ഒരു വിഭാഗം പറയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും, പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുക്കുവാനും കെ.പി.സി.സി തീരുമാനിച്ചിട്ടും ജില്ലയിലെ പല സ്ഥലങ്ങളിലും സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുത്തിട്ടും തളിപ്പറമ്പില്‍ നിന്നും സസ്‌പെന്റ് ചെയ്ത കല്ലിങ്കീല്‍ പത്മനാഭനെ തിരിച്ചെടുക്കേണ്ടെന്ന തീരുമാനം തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കുമെന്നും പ്രമുഖനായ ഒരു നേതാവ് പറഞ്ഞു.