എന്റെ സിരകളിലോടുന്നത് കോണ്‍ഗ്രസ് രക്തം-കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കല്ലിങ്കീല്‍ പത്മനാഭന്‍-
തളിപ്പറമ്പ്: എന്റെ രക്തം കോണ്‍ഗ്രസിന്റെതാണെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസാണ് മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ ഭാഗ്യാന്വേഷിയായി പോയിട്ടില്ല.
സഹപ്രവര്‍ത്തകരുമായി ആലോചിച്ചശേഷം ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുന്നവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് വര്‍ഷം നാല് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സസ്‌പെന്‍ഷന്‍ തീരുമാനം ഗത്യന്തരമില്ലാതെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
കെ.സുധാകരന്റെ ജില്ലയിലെ ഏറ്റവുമടുത്ത അനുയായിയെന്ന നിലയില്‍ കെ.സുധാകരന് കല്ലിങ്കീലുമായി വളരെയടുത്ത ബന്ധമാണുണ്ടായിരുന്നത്.
ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം തളിപ്പറമ്പിലെ കോണ്‍ഗ്രസ് വളരെ പരിതാപകരമായ നിലയില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചുചേര്‍ന്ന് കല്ലിങ്കിലിനെതിരെ രംഗത്തുവന്നത്.
ഇവരുടെ പരാതിയില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുധാകരന്‍ തന്നെ നേരിട്ട് കല്ലിങ്കീലിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇത് നിരാകരിക്കപ്പെട്ടതോടെ കെ.പി.സി.സി.പ്രസിഡന്റും കല്ലിങ്കിലിനെ കൈവിട്ടു.
അതിശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും രാജിയില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നതോടെ ഡി.സി.സിക്ക് മുന്നില്‍ സസ്‌പെന്‍ഷനല്ലാതെ മറ്റ് വഴികളില്ലാതെ വരികയായിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പിഎമ്മില്‍ ചേര്‍ന്ന എ.കെ.ഭാസ്‌ക്കരന്‍ കല്ലിങ്കീലിന്റെ അടുത്ത അനുയായിയായിരുന്നു.