കല്ലിങ്കീലിനെ തിരിച്ചെടുക്കും- എം.എം.ഹസനും ചെന്നിത്തലയും വിളിച്ചു.

ഭാഗ്യാന്വേഷിയാവാനില്ല-
കല്ലിങ്കീല്‍.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കും.

ഇതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എന്നിവര്‍ ഇന്ന് കല്ലിങ്കീലുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്കെതിരെ ഒരു വിധത്തിലുമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയോ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ശ്രമിക്കുകയും ചെയ്യാതെ നൂറുശതമാനവും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരുന്ന കല്ലിങ്കീലിനെ തിരിച്ചെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യം വന്നിട്ടുണ്ട്.

നിരവധി ഓഫറുകള്‍ ഉണ്ടായിട്ടും താന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.

ഇന്നും തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമായി പൊതുസമൂഹം കണക്കാക്കുന്ന കല്ലിങ്കീല്‍ പത്മനാഭന്‍ കെ.സുധാകരന്റെ അടുത്ത അനുയായികളില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്.

നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയും കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മമ്പറം ദിവാകരനെ തിരിച്ചെടുക്കാന്‍ നേതൃത്വം ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

തന്നെ ഇത്രയും കാലം മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ കാരണം അറിയണമെന്നും, ഭാഗ്യാന്വേഷിയാവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കല്ലിങ്കീല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.