ജില്ലാ കേരളോല്‍സവത്തിന് പിലാത്തറ ഒരുങ്ങി-10 മുതല്‍ 12 വരെ.

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവം 10, 11, 12 തീയ്യതികളില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പത് വേദികളിലായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2528 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

മലയാളഭാഷയുടെയും വൃത്തത്തിന്റെയും അലങ്കാരത്തിന്റെയും പേരുകളിലാണ് വേദികള്‍ തയ്യാറാക്കിയത്.

മലയാളം, മഞ്ജരി, കല്ല്യാണി, തരംഗിണി, കളകാഞ്ചി, കാകളി, നതോന്നത, കേക, രൂപകം എന്നിങ്ങനെയാണ് വേദികളുടെ പേര്.

വേദി ഒന്നില്‍ 10 ന് രാവിലെ 10 ന് കഥാകാരന്‍ ടി.പി.വേണുഗോപാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ ടി.തമ്പാന്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് സ്റ്റേജിതര ഇനങ്ങള്‍ നടക്കും.

സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 11 ന് വൈകുന്നേരം അഞ്ചിന് പ്രശസ്ത സിനിമ താരം ഗായത്രി വര്‍ഷ നിര്‍വഹിക്കും.

12 ന് സമാപന സമ്മേളനം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിക്കും.

ജില്ല കലക്ടര്‍ അരുണ്‍ കെ.വിജയന്‍ സമ്മാനദാനം നിര്‍വഹിക്കും.

സിനിമാതാരം രാജേഷ് മാധവന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

11 ബ്ലോക്ക് പഞ്ചായത്ത്, 9 മുന്‍സിപ്പാലിറ്റികള്‍ ഒരു കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടന്ന കേരളോത്സവം പ്രാഥമിക മത്സരത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ല കേരളോത്സവത്തില്‍ പങ്കെടുക്കുക.

ദേശീയ ഉത്സവം, സംസ്ഥാന ഉത്സവം എന്നിങ്ങനെ 66 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.

കേരളോത്സവം പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടക്കുക.

പ്രചരണ ശില്‍പ്പം, ഓലക്കൊട്ട നിര്‍മാണം തുടങ്ങി നിരവധി അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കേരളോത്സവത്തിന്റെ വരവറിയിച്ച് ഇന്നലെ പിലാത്തറ ടൗണില്‍ വിളംബര ഘോഷയാത്ര നടന്നു.

വാര്‍ത്താസമ്മേളനത്തില്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.തമ്പാന്‍, സി.പി.ഷിജു ഭാരവാഹികളായ എം.പി.രാജീവന്‍, എം.സജേഷ്, വി.രമേശന്‍, പി.വി.ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.