നിങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി കയ്യേറണോ-കയ്യേറി കച്ചവടം ചെയ്യണോ-? കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് സ്വാഗതം.
പരിയാരം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറണോ? കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണോ-? പാര്‍ട്ടി ചീട്ടുണ്ടെങ്കില്‍ ധൈര്യമായി വരാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക്.
ഒരു മിനി ലോറിയില്‍ കല്ലും സിമന്റും പൂഴിയുമായി വന്ന് കച്ചവടസ്ഥാപനം നിര്‍മ്മിക്കാം, അര്‍മ്മാദിക്കാം.
സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യവകുപ്പിന്റെ ഭൂമിയും കെട്ടിടങ്ങളും വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നതിനെതിരെ ഒരുഭാഗത്ത് നാട്ടുകാരും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും പ്രതിഷേധങ്ങളും സമരങ്ങളുമായി രംഗത്തിറങ്ങുമ്പോള്‍ മറുവശത്ത് കയ്യേറ്റ മാഫിയയും സജീവമാകുന്നു.
മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ചാച്ചാജി വാര്‍ഡ് സി.പി.എം സൊസൈറ്റി കയ്യേറി സഹകരണ ധനകാര്യസ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ച വിവാദങ്ങള്‍ ഹൈക്കോടതി വരെ എത്തിനില്‍ക്കുകയാണ്.
കയ്യേറ്റക്കാര്‍ രാഷ്ട്രീയബലത്തില്‍ ഇപ്പോഴും ശക്തമാണ്. മെഡിക്കല്‍ കോളേജിന് അകത്തും പുറത്തുമായി സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍ ഒന്‍പതിടങ്ങളില്‍ കയ്യേറ്റം നടത്തിയിട്ടുണ്ട്.
ഇതിനെതിരെയൊക്കെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം പഴയ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സിന് സമീപത്തായി ദേശീയപാതയോരത്ത് ചെറുതാഴത്തെ സി.പി.എം നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റി ലോറിയില്‍ ചെങ്കല്ലുകളും പുഴിയും സിമന്റുമൊക്കെ ഇറക്കി ഷീ ടീസ്റ്റാള്‍ നിര്‍മ്മിക്കാന്‍ തറയുടെ പണി ആരംഭിച്ചത്.
തറപ്പണി തീരുമ്പോഴാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇവര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് അനധികൃത കയ്യേറ്റമാണെന്ന് ബോധ്യപ്പെട്ടത്.
താല്‍ക്കാലികമായി പണി നിര്‍ത്തിയെങ്കിലും കെട്ടിയ തറയും ഇറക്കിയ കല്ലുകളും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല.
ഒരു രാത്രി പുലരുമ്പോള്‍ ഇവിടെ ടീസ്റ്റാള്‍ ഉയരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മെഡിക്കല്‍ കോളേജ് കാമ്പസിന് ചുറ്റുമതിലോ കമ്പിവേലിയോ നിര്‍മ്മിച്ച് ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ടെങ്കിലും ഒന്നും തന്നെ നടക്കുന്നില്ല.
കയ്യേറ്റങ്ങളോ മലിനജലം ഒഴുക്കലോ നടന്നു കഴിഞ്ഞശേഷമാണ് പലപ്പോഴും ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്നുപറഞ്ഞ് അധികൃതര്‍ പ്രസ്താവനാ നാടകം നടത്തുന്നത്.
