കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു.
രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്,
ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍, എ. ആര്‍.എം.ഒ ഡോ.കെ.വി.മനോജ്കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
706, 707, 708, 709 ബ്ലോക്കുകളിലെ സ്‌പെഷ്യല്‍-ജനറല്‍ വാര്‍ഡുകളാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്.
പുതിയ വാര്‍ഡുകളില്‍ 100 പേര്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ രോഗിയുടേയും ബെഡിന് സമീപംതന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ഉള്‍പ്പടെ വാര്‍ഡില്‍ നിന്ന് ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്.
മുഴുവന്‍ വാര്‍ഡുകളിലെയും നവീകരണ പ്രവൃത്തികളും മെഡിക്കല്‍ കോളേജ് റോഡുകളുടെ അറ്റകുറ്റ പ്രവര്‍ത്തികളും അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് തുടര്‍ന്ന് നടന്ന യോഗത്തില്‍ വാപ്‌കോസ് പ്രതിനിധികള്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ആശുപത്രി കെട്ടിടത്തിന്റെ പുറത്തേയും അകത്തേയുമുള്ള പെയിന്റിംഗ്, വാര്‍ഡ് നവീകരണം, ശുചിമുറികള്‍ മാറ്റിപ്പണിയല്‍, ഇലക്ട്രിക്ക് പ്രവൃത്തികള്‍ അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം,
മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ശീതീകരണ സംവിധാനം നവീകരിക്കല്‍, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകള്‍ സ്ഥാപിക്കലും,
നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കല്‍, ആശുപത്രി കെട്ടിടത്തിന്റെ റൂഫീംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് പങ്കെടുത്ത യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ പ്രവൃത്തിയുടെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചത്.