കണ്ണൂര്‍ രൂപത 10-മത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി (24) മുതല്‍(28) വരെ പിലാത്തറയില്‍

പിലാത്തറ: കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 24 മുതല്‍ 28 വരെ. പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ നടത്തുമെന്ന് സംഘാടക സമിതി ജന.കണ്‍വീനര്‍ ഫാ. ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 24 ന് രാവിലെ 9.30ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കണ്‍വെന്‍ഷന്‍ തുടങ്ങുന്നത്.

കിംഗ് ജീസസ് മിനിസ്റ്റ്രിയിലെ പ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയിലാണ് വചന പ്രഘോഷണം നടത്തുന്നത്.

കണ്‍വെന്‍ഷന്റെ ഭാഗമായി രാവിലെ 11 ന് നടക്കുന്ന ദിവ്യബലിക്ക് തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും.

25-ന് പട്ടുവം തിരുക്കുടുംബ ഇടവക വികാരി ഫാ.ജേക്കബ് ജോസ് ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 26-ന് മോണ്‍. ക്ലാരന്‍സ് പാലിയത്ത് ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

27-ന് നടക്കുന്ന ദിവ്യബലിക്ക് കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

സമാപന ദിവസമായ 28-ന് നടത്തുന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല പ്രധാന കാര്‍മ്മികത്വം വഹിക്കും.

കണ്‍വെന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച് കണ്ണൂര്‍ രൂപത യുവജന വര്‍ഷ ഉദ്ഘാടനം നടക്കും. വിവിധ ഫൊറോനകളിലെ പ്രതിനിധികള്‍ക്ക് ദീപം കൈമാറിയാണ് യുവജന വര്‍ഷത്തിനാരംഭം കുറിക്കുന്നത്.

പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ കെ.വിജയകുമാര്‍ ഹിന്ദിയില്‍ എഴുതി പൂര്‍ത്തിയാക്കിയ ബൈബിള്‍ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനവും നടക്കും. 24 ന് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലുവരേയാണ് കണ്‍വെന്‍ഷന്‍.

ദിവ്യകാരുണ്യ ആരാധനയോടെയാണ് കണ്‍വെന്‍ഷന്‍ സമാപിക്കുന്നത്. പ്രധാനമായും ഈ ബൈബിള്‍ കണ്‍വെന്‍ഷന്‍ യുവാക്കള്‍ക്കായാണ് സമര്‍പ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഫാ.റോണി പീറ്റര്‍, ബെന്നി കുറുപ്പംചേരി, പി.ആന്റണി, കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.