പ്രസവവാര്‍ഡ് തുറന്നില്ല- എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചു, അനിശ്ചിതകാല ഉപവാസം നടത്തും കോണ്‍ഗ്രസ് നേതാക്കള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍
പ്രസവവാര്‍ഡ് തുറന്നില്ല, എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍.
പ്രസവവാര്‍ഡ് തുറക്കുമെന്ന് ഫിബ്രവരി ഏഴിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ പത്രക്കുറിപ്പിലൂടെ അറയിച്ചിരുന്നു.
ഇതിനായി ഒരു ഡോക്ടറെ അടിയന്തിര പ്രാധാന്യത്തോടെ തളിപ്പറമ്പിലേക്ക് നിയമിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ ഇത് പാഴ് വാക്കായി മാറിയെന്നും, ഇതേവരെ ഡോക്ടര്‍ ചാര്‍ജെടുക്കുകയോ അടച്ചിട്ട പ്രസവവാര്‍ഡ് തുറക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.സി.സി ജന.സെക്രട്ടെറിമാരായ നൗഷാദ് ബ്ലാത്തൂരും അഡ്വ.രാജീവന്‍ കപ്പച്ചേരിയും അറിയിച്ചു.
പ്രസവവാര്‍ഡ് പൂട്ടിയതിനെതിരെ ഇരുവരും എട്ടാംതീയതി ആശുപത്രിക്ക് മുന്നില്‍ ഉപവാസസമരവും നടത്തിയിരുന്നു.
ഇന്ന് ഇവര്‍ ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് പ്രസവ വാര്‍ഡ് തുറന്നില്ലെന്നും ഡോക്ടര്‍മാര്‍ എത്തിയില്ല എന്നും അറിഞ്ഞത്.
ജനങ്ങളെ വഞ്ചിക്കുന്ന കള്ളത്തരം പ്രചരിപ്പിക്കുന്ന, ഉത്തരവാദിത്വം നിര്‍വഹിക്കാത്ത തളിപ്പറമ്പ് എംഎല്‍എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇരുവരും പത്രക്കുറിപ്പില്‍ പറഞ്ഞു.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ജനന രജിസ്റ്റര്‍ പരിശോധിച്ചാല്‍ തളിപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ അവസാനമായി പ്രസവം നടന്നത് 2024 ഡിസംബര്‍ 16 നാണ്.
പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താല്‍പര്യ്യമുണ്ട്, ഭരണസംവിധാനത്തിന്റെ ബോധപൂര്‍വ്വമായ അനാസ്ഥക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കേണ്ടത്
പൊതുജനങ്ങളുടെ ക്ഷേമത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും അനിവാര്യമാണെന്നും ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറക്കുന്ന വരെ ഉപവാസസമരം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.