വ്യാജ ചാച്ചാജിവാര്‍ഡ് സൃഷ്ടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വികസനസമിതി യോഗം
പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാന്‍ വീണ്ടും ആസൂത്രിത നീക്കം.
ഇക്കഴിഞ്ഞ ജൂണ്‍-5 ന് ചേര്‍ന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്.
കേരളഗാന്ധി കെ.കേളപ്പന്‍ ജന്‍മനാട്ടിലെ സ്വത്ത് വകകള്‍ വില്‍പ്പന നടത്തിയും ഉദാരമതികളില്‍ നിന്ന് സംഭാവന പിരിച്ചും പരിയാരം ടി.ബി.സാനിട്ടോറിയത്തിന് നിര്‍മ്മിച്ചുനല്‍കിയ കുട്ടികളുടെ വാര്‍ഡാണ് ചാച്ചാജി വാര്‍ഡ്.
ഇതിന് സമീപം കുട്ടികളെ പരിചരിക്കാന്‍ നില്‍ക്കുന്ന അമ്മമാര്‍ക്ക് വിശ്രമിക്കാനായി പണിത ചെറിയ കെട്ടിടമാണ് ഇപ്പോള്‍ ചാച്ചാജി വാര്‍ഡായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് സംരക്ഷിച്ച് ചരിത്രസ്മാരകമായി മാറ്റാനുള്ള അനുമതിയാണ് വാര്‍ഷിക ജനറല്‍ബോഡി യോഗം അംഗീകരിച്ചത്.
ഇതിനായുള്ള ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി നല്‍കുവാന്‍ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടുവാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
ചാച്ചാജി വാര്‍ഡ് സംരക്ഷിക്കുക എന്നതിന്റെ മറവില്‍ വ്യാജവാര്‍ഡ് സൃഷ്ടിക്കാന്‍ വികസനസമിതിയെ മുന്‍നിര്‍ത്തി സി.പി.എം സഹകരണസംഘം ശ്രമിക്കുന്നതായാണ് ആരോപണം.
മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ പഴയ ടി.ബി.സാനിട്ടോറിയം കെട്ടിടങ്ങളില്‍ മിക്കതും പാംകോസ് എന്ന സി.പി.എം സൊസൈറ്റി കയ്യടക്കിക്കഴിഞ്ഞതായി ചാച്ചാജി വാര്‍ഡ് സംരക്ഷണത്തിനായി രംഗത്തുള്ള ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പറയുന്നു.
സര്‍ക്കാര്‍ കെട്ടിടം തട്ടിയെടുക്കാനുള്ള സി.പി.എമ്മിന്റെ പുതിയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രാജീവന്‍ കപ്പച്ചേരി പറഞ്ഞു.
മെഡിക്കല്‍ കോളേജ് കാമ്പസിലെ കോടികള്‍ വിലമതിക്കുന്ന ഭൂമിയും കെട്ടിടവുമാണ് ചാച്ചാജി വാര്‍ഡിന്റെതായിട്ടുള്ളത്.
സര്‍ക്കാര്‍ കെട്ടിടം കൈമാറാന്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകാത്തത് വലിയ വിവാദത്തിന് കാരണമായിരുന്നു.
