കുടിവെള്ളംപോലുമില്ല, ദുരിതത്തില്‍ രോഗികള്‍ ഏകാധിപതികള്‍ കാഴ്ച്ച കണ്ട് രസിക്കുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതകള്‍ എഴുതിയും പറഞ്ഞും മടുത്ത അവസ്ഥയിലാണ്.

ആശുപത്രി സൂപ്രണ്ട് ഏകാധിപതിയെപോലെ പ്രവര്‍ത്തിക്കുന്ന ഇവിടെ ആരോഗ്യവകുപ്പിന്റെ ഉന്നത കേന്ദ്രങ്ങളും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടപെടാന്‍ സമയം വൈകി.

പ്രതിപക്ഷത്തെ യുവജനസംഘടനകള്‍ ഈ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്.

ആശുപത്രിയില്‍ പുതിയ കെട്ടിടം പണിയാനായി 1963 ല്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മൂക്കാല്‍ഭാഗവും പൊളിച്ചുനീക്കിയിട്ടുണ്ട്.

പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് വാര്‍ഡുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ആശുപത്രി വളപ്പില്‍ ഏറ്റവും പിറകിലായിട്ടാണ് നിലവിലുള്ള കെട്ടിടം.

ഒ,പിയും കാഷ്വാലിറ്റിയുമൊക്കെ ഇവിടെ തിരുകികയറ്റി പ്രവര്‍ത്തിക്കുന്ന നിലയിലാണ്.

നിത്യേന ഏകദേശം 1500 ലധികം രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്.

സ്ത്രീകളും കുട്ടികളും വയോധികരുമൊക്കെയുള്ള രോഗികളും കൂട്ടിരിപ്പുകാരും ഒരു തുള്ളിവെള്ളംപോലും കിട്ടാതെ ഇവിടെ നരകയാതന അനുഭവിക്കുകയാണ്.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങിയതോടെ കാന്റീന്‍ പൂട്ടാന്‍ ഏകാധിപതി സൂപ്രണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇപ്പോള്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കിട്ടാനായി രോഗികളും കൂട്ടിരിപ്പുകാരും റോഡ് മുറിച്ചുകടന്ന് ഹോട്ടലുകളെ ആശ്രയിക്കണം.

ആശുപത്രി വളപ്പില്‍ ഏറ്റവുംപിന്നിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകളില്‍ നിന്നും ഒ.പികളില്‍ നിന്നും വെള്ളം കിട്ടാനായി സംസ്ഥാനപാതയിലെത്തി റോഡ് മുറിച്ചുകടന്നുവേണം ഹോട്ടലുകളില്‍ എത്താന്‍.

വെള്ളംകിട്ടാതെ വാവിട്ടുകരയുന്ന കുട്ടികള്‍ ആശുപത്രികളില്‍ ഇപ്പോള്‍ സ്ഥിരം കാഴ്ച്ചയാണ്.

ഇതൊന്നും കാണാന്‍ ആശുപത്രി അധികാരികള്‍ക്ക് കണ്ണും കാഴ്ച്ചയുമില്ലേ-

നഗരസഭ അധികൃതര്‍ അടിയന്തിരമായി ഇടപെടേണ്ട വിഷയമാണിത്.