തളിപ്പറമ്പ് കംഫര്‍ട്ട് സ്റ്റേഷനില്‍ 2 രൂപയും 5 രൂപയും മാത്രമേയുള്ളൂ, കൂടുതല്‍ കൊടുക്കല്ലേ-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ അമിതചാര്‍ജ് ഈടാക്കുന്നതായ പരാതിക്ക് പരിഹാരമായി.

മൂത്രപ്പുരക്ക് 5 രൂപയും കക്കൂസിന് 10 രൂപയും വാങ്ങിയിരുന്നത് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു.

തുടര്‍ന്ന് ഇവിടെ പതിച്ച ബോര്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍ നശിപ്പിച്ചത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭയില്‍ പോയി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂത്രപ്പുരക്ക് 2 രൂപയും കക്കൂസിനും കുളിമുറിക്കും 5 രൂപ വീതം ഈടാക്കാനാണ് നഗരസഭ നിര്‍ദ്ദേശിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് സെക്രട്ടെറിയുടെ ഒപ്പും നഗരസഭയുടെ സീലും പതിപ്പിച്ച പോസ്റ്ററുകള്‍ മൂത്രപ്പുരയിലും പരിസരത്തും പതിപ്പിച്ചിട്ടുണ്ട്.

പോസ്റ്ററുകള്‍ നശിപ്പിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടെറി വി.താജുദ്ദീന്‍, അലി ആലിപ്പി, കെ.പി.ഷൗക്കത്ത്, കെ.ഷിഹാബുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നഗരസഭ അധികൃതര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്.

വീണ്ടും അമിത ചാര്‍ജ് ഈടാക്കാന്‍ ശ്രമമുണ്ടായാല്‍ ഇടപെടുമെന്ന് കെ.എസ്.റിയാസ് പറഞ്ഞു.