ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു- സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.

മാസങ്ങളായി കണ്ണ്‌രോഗ വിഭാഗത്തില്‍ ഡോക്ടറില്ല.

വളരെ ലാഘവത്തോടെ ഡോക്ടര്‍ പ്രസവാവാധിക്ക് പോയതാണെന്ന മറുപടിയാണ് ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്.

നേത്രരോഗ വിഭാഗത്തില്‍ തളിപ്പറമ്പ് നഗരസഭ 25 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച തിമിര ശസ്ത്രക്രിയക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ തന്നെ ഒരു വര്‍ഷം തികയുംമുമ്പ് പൊളിച്ചുനീക്കി ഉപകരണങ്ങള്‍ ചുരുട്ടിക്കൂട്ടി.

ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട അവധിയെടുക്കുന്നതിന് ആരും എതിരല്ല, പക്ഷെ, അതുവരെ രോഗി കാത്തിരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.

ബന്ധപ്പെട്ടവര്‍ വിചാരിച്ചാല്‍ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇവിടെ നേത്രരോഗ വിദഗ്ദ്ധന്റെ സേവനം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു.

ജനുവരി 25 ന് നേത്രരോഗ വിഭാഗത്തില്‍ ഡോക്ടര്‍ ലീവ് കഴിഞ്ഞ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

സ്വകാര്യ ആശുപത്രികളില്‍ നേത്രചികില്‍സക്ക് പോകാന്‍ പണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ്.

കോടികള്‍ മുടക്കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനല്ലാതെ അവിടെ ഡോക്ടര്‍മാരെ നിയമിക്കാനും ചികില്‍സ കാര്യക്ഷമമാക്കാനും തളിപ്പറമ്പ് എം.എല്‍.എക്ക് സമയമില്ല.

ഇതിനിടിയില്‍ മാനസികരോഗ വിഭാഗത്തില്‍ നിന്ന് ഡോ.അരുണ്‍, ഫിസിഷ്യന്‍ ഡോ.ലത എന്നിവരും ആശുപത്രിയില്‍ വിട്ടുപോയിരിക്കുന്നു.

ഒ.പിയില്‍ നിത്യേന ആയിരത്തോളം രോഗികള്‍ എത്തുന്നുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുതുടങ്ങി.

ഇന്നത്തെ (ഫിബ്രവരി-11)ഒ.പി പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും.

കുട്ടികളുടെ വിഭാഗവും ഗൈനക്കോളജിയും ദന്തരോഗ വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.

കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരുണ്ട്.

ഒ.പി വിഭാഗത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമായി നിലച്ചിരിക്കയാണ്.

പുലര്‍ച്ചെ അഞ്ചുമണിക്ക് വരെ വന്ന് ക്യൂവില്‍ നില്‍ക്കുന്നവരുണ്ട്.

ഒ.പി രജിസ്‌ട്രേഷന് വേണ്ടി ഉന്തും തള്ളും വാക്കേറ്റവും ഇല്ലാത്ത ദിവസങ്ങള്‍ കുറവാണ്.

തളിപ്പറമ്പ് നഗരസഭയിലെ പുതിയ ഭരണസമിതി ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ജനോപകാരപ്രദമാക്കാന്‍ നല്ലതോതില്‍ ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് ആശുപത്രി പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണ്.

ഇന്നത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണം.

തളിപ്പറമ്പ് എം.എല്‍.എ ഇക്കാര്യത്തില്‍ പൂര്‍ണ പരാജയമായി മാറിയിരിക്കയാണെന്ന വിമര്‍ശനം ശക്തമാണ്.