ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതി ആവിഷ്‌ക്കരിക്കണം ഡോ.പി.പി.ബാലന്‍

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സംരംഭക സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കില മുന്‍ ഡയരക്ടര്‍ ഡോ. പി.പി. ബാലന്‍.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ടൂറിസം വികസനത്തിനും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഒത്തുചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വാര്‍ഡുകള്‍ തോറും ന്യായപഞ്ചായത്തുകള്‍ ആരംഭിക്കണമെന്നും ഡോ.പി.പി.ബാലന്‍ നിര്‍ദ്ദേശിച്ചു.

അധികാര വികേന്ദ്രീകരണത്തില്‍ കേരളം മറ്റ് വിദേശ രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്നും വിദേശ രാജ്യങ്ങള്‍ പോലും നമ്മുടെ അധികാര വികേന്ദ്രീകരണ മാതൃക പഠിക്കാന്‍ മുന്നോട്ടു വരുന്നത് ചെറിയ കാര്യമല്ലെന്നും ഡോ. പി.പി. ബാലന്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് വികസന രേഖ അവതരിപ്പിച്ചു.

സി.ബി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, കെ. റുഖിയ, സജി ഓതറ, പി.കെ. ദിവാകരന്‍, സി.ബാലകൃഷ്ണന്‍, എസ്.പി. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.പ്രകാശന്‍ സ്വാഗതവും എം.കെ. ലത്തീഫ് നന്ദിയും പറഞ്ഞു.